2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികളുമായി ബിജെപി. തിരുവനന്തപുരം ജില്ലയ്‌ക്കൊപ്പം ഇത്തവണ തൃശൂരിലും ബിജെപി കണ്ണുവയ്ക്കുന്നുണ്ട്. എ ക്ലാസ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഏറെക്കുറെ ഉറപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ നേതാക്കള്‍ അതാത് നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.
നേമം
സംസ്ഥാനത്ത് വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായിരിക്കും നേമം. കുമ്മനം രാജശേഖരന്‍ തന്നെയായിരിക്കും ഇത്തവണ നേമത്ത് മത്സരിക്കുക. സിറ്റിങ് എംഎല്‍എയായ സിപിഎമ്മിന്റെ വി.ശിവന്‍കുട്ടി ഇത്തവണ മത്സരിക്കുന്നില്ല. അതിനാല്‍ നേമത്ത് വിജയസാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 51,888 വോട്ടുകള്‍ നേടി കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 54,452 വോട്ടുകള്‍ നേടിയാണ് ശിവന്‍കുട്ടി നേമത്ത് ജയിച്ചത്.
തൃശൂര്‍
കേരളത്തില്‍ ബിജെപിക്ക് ഏക എംപിയുള്ള തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ്. നേമം പോലെ തന്നെ ബിജെപി ജയസാധ്യത കാണുന്ന മണ്ഡലമാണ് തൃശൂര്‍. 2021 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പത്മജ വേണുഗോപാല്‍ ഇപ്പോള്‍ ബിജെപിക്കൊപ്പം ഉണ്ട്. എന്നാല്‍ തൃശൂരില്‍ പത്മജയെ ആയിരിക്കില്ല ബിജെപി കളത്തിലിറക്കുക. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനോടു തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രമേശ് തന്നെയായിരിക്കും തൃശൂരില്‍ ബിജെപിക്കായി മത്സരിക്കുക. 2021 ല്‍ സുരേഷ് ഗോപി മത്സരിച്ചപ്പോള്‍ 39,616 വോട്ടുകള്‍ നേടി ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2021 നു ശേഷം തൃശൂര്‍ മണ്ഡലം തങ്ങള്‍ക്കു കൂടുതല്‍ അനുകൂലമാണെന്ന് ബിജെപി കരുതുന്നു. കോര്‍പറേഷന്‍ മേഖലയില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളതും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
കഴക്കൂട്ടം
2021 ല്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് കഴക്കൂട്ടം. ശോഭാ സുരേന്ദ്രന്‍ ആയിരുന്നു സ്ഥാനാര്‍ഥി. 2026 ലും ശോഭ തന്നെ മത്സരിക്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കൂടുതല്‍ ജയസാധ്യതയുള്ള മറ്റൊരു മണ്ഡലത്തിലേക്ക് മാറാന്‍ ശോഭ ആഗ്രഹിക്കുന്നതായും വാര്‍ത്തകളുണ്ട്.
പാലക്കാട്
ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങിയെങ്കിലും പാലക്കാട് വിടാന്‍ ബിജെപി തയ്യാറല്ല. 2021 ല്‍ ഇ.ശ്രീധരന്‍ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനമാണ് ബിജെപി നടത്തിയത്. 53,080 വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ജയിച്ചപ്പോള്‍ 49,155 വോട്ടുകളുമായി ഇ.ശ്രീധരന്‍ രണ്ടാമതെത്തി. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച സി.കൃഷ്ണകുമാറിനു 39,246 വോട്ടുകളേ നേടാന്‍ സാധിച്ചുള്ളൂ. പാര്‍ട്ടിയിലെ ഉള്‍പ്പോരാണ് കൃഷ്ണകുമാര്‍ ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. 2026 ലേക്ക് വരുമ്പോള്‍ അത്തരം പ്രതിസന്ധികളെ തരണം ചെയ്ത് പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നാല്‍ പാലക്കാട് ജയസാധ്യതയുണ്ടെന്നും ബിജെപി പ്രതീക്ഷിക്കുന്നു. സി.കൃഷ്ണകുമാര്‍ തന്നെയായിരിക്കും പാലക്കാട് ബിജെപിക്കായി മത്സരിക്കുക.
മണലൂര്‍
തൃശൂര്‍ ജില്ലയിലെ മണലൂര്‍ നിയോജക മണ്ഡലത്തില്‍ എ.എന്‍.രാധാകൃഷ്ണന്‍ ബിജെപിക്കായി മത്സരിക്കും. 2021 ല്‍ രാധാകൃഷ്ണന്‍ 35,951 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു. സമീപകാലത്ത് ബിജെപിക്ക് സ്വാധീനമുയര്‍ത്താന്‍ സാധിച്ച മണ്ഡലമാണ് മണലൂര്‍. വീണ്ടും മണലൂരില്‍ സ്ഥാനാര്‍ഥിയാകുക എന്ന പദ്ധതിയോടെ രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.