ഇന്ത്യന്‍ മിനിസ്‌ക്രീനിലെ മഹാസംഭവം കോന്‍ ബനേഗ ക്രോര്‍പതിയുടെ 17ാം പതിപ്പ് അവതരിപ്പിക്കുന്നത് താന്‍ തന്നെയെന്ന് അമിതാഭ് ബച്ചന്‍. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ നാവടപ്പിച്ചുകൊണ്ടുള്ള പ്രതികരണം സക്ഷാല്‍ അമിതാഭ് ബച്ചന്‍ തന്നെയാണ് നടത്തിയത്. താന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ 17ാം പതിപ്പിന്റെ ചിത്രീകരണവേളയിലെ ചിത്രങ്ങളും ബോളിവുഡ് ഇതിഹാസതാരം പങ്കുവച്ചു.
മേയില്‍ ബച്ചനെ മാറ്റിയെന്നും സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുമെന്നും വ്യാപകപ്രചരമുണ്ടായിരുന്നു. വിവിധ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ചയുള്ള, ആരെയും രസിപ്പിക്കുന്ന അവതാരകനെന്ന നിലയില്‍ താരരാജാവിന്റെ തിരിച്ചുവരവ് ടിവി ഷോയുടെ പ്രേക്ഷകര്‍ക്ക് വലിയ ആഘോഷമായി മാറും. ബച്ചന്‍ പങ്കുവച്ച ചിത്രങ്ങളും വിശേഷങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
24 വര്‍ഷമായി ബച്ചന്‍ കോന്‍ ബനേഗ ക്രോര്‍പതി ഷോയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2000ലെ ആദ്യ സീസണില്‍ അദ്ദേഹത്തിന് ഒരു എപ്പിസോഡിന് ഏകദേശം 25 ലക്ഷം രൂപ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ (കെബിസി 16) ഒരു എപ്പിസോഡിന് അഞ്ചു കോടി രൂപ എന്ന അതിശയിപ്പിക്കുന്ന പ്രതിഫലം ലഭിച്ചെന്നാണു വിവരം. എന്നാല്‍ ഈ സീസണിലെ ബച്ചന്റെ പ്രതിഫലത്തെക്കുറിച്ച് ആധികാരികമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
നിമ്രത് കൗര്‍, ഡയാന പെന്റി, അഭിഷേക് ബാനര്‍ജി തുടങ്ങിയവരോടൊപ്പം അഭിനയിക്കുന്ന സെക്ഷന്‍ 84, ബ്രഹ്‌മാസ്ത്ര, കല്‍ക്കി 2898 എഡി രണ്ടാം ഭാഗം എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടുകള്‍.