കായംകുളം എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പിൻ്റെ അനുമതി അവസാന ഘട്ടത്തിലേയ്ക്ക്

ഏറ്റുമാനൂർ : കായംകുളം എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പിൻ്റെ അനുമതി അവസാന ഘട്ടത്തിലേയ്ക്ക്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ 16309/10 എറണാകുളം – കായംകുളം- എറണാകുളം എക്സ്പ്രസ്സ്‌ മെമുവിന്റെ ഏറ്റുമാനൂരിലെ സ്റ്റോപ്പിന് റെയിൽവേ ബോർഡിലേയ്ക്ക് ശുപാർശ ചെയ്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ. സിംഗ്.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ കത്തിന് മറുപടിയായാണ് ഏറ്റുമാനൂരിൽ സ്റ്റോപ്പിന് അദ്ദേഹം ശുപാർശ ചെയ്തത്. 16309/10 എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിലെ സ്റ്റോപ്പിന്റെ ആവശ്യവുമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, എന്നിവർ ദക്ഷിണ റെയിൽവേ ഉപദേശക സമിതിയംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം പി യെ സമീപിച്ചിരുന്നു.

എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ ടി ഐ, ബ്രില്യന്റ് കോളേജ്, ഐ സി എച്ച് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏറ്റുമാനൂർ പരിസര പ്രദേശങ്ങളിലെ വിവിധ സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും ആവശ്യങ്ങൾ മുൻനിർത്തി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിച്ചു.

തുടർന്ന് റെയിൽവേ ബോർഡിൽ ശുപാർശ ചെയ്യപ്പെട്ടതോടെ സ്റ്റോപ്പിന്റെ അവസാന പടവിൽ എത്തിനിൽക്കുകയാണ് ഏറ്റുമാനൂർ. അടുത്ത് കൂടുന്ന ടൈം ടേബിൾ കമ്മറ്റിയിൽ സമയക്രമത്തിൽ അംഗീകാരം ലഭിക്കുന്നതോടെ സ്റ്റോപ്പ്‌ സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് രണ്ടായിരത്തോളം വരുന്ന ഏറ്റുമാനൂരിലെ പ്രതിദിന യാത്രക്കാർ.

സ്റ്റേഷൻ വികസന കാര്യങ്ങളിലും പാലരുവിയുടെ സ്റ്റോപ്പ്‌ അനുവദിച്ച ഘട്ടത്തിലും മാതൃകാപരമായ പ്രവർത്തനമാണ് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഇതുവരെ നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *