എറണാകുളം : ബലക്ഷയമുള്ള എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം ആവർത്തിക്കാതിരിക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ ഉപരോധ സമരത്തിൽ പങ്കെടുത്തവരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.സംസ്ഥാന സെക്രട്ടറി ഷക്കീർ അലി, ജയദേവ്, റോബിൻ റാഫേൽ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത് .
മനുഷ്യജീവിതത്തിന് ഗുരുതരമായ ഭീഷണിയാണെന്നു സർക്കാരിന് ബോധ്യപ്പെട്ടിട്ടും പ്രവർത്തനം അനുവദിക്കുന്ന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും പുനർനിർമ്മാണ നടപടികൾ എടുക്കാത്തതിനെതിരെയും ആം ആദ്മി പാർട്ടി വെള്ളിയാഴ്ച രാവിലെ മുതൽ ജില്ലാ പ്രസിഡന്റ് കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഉപരോധസമരം ആരംഭിച്ചിരുന്നു.ഉപരോധത്തിന്റെ ഭാഗമായി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് ബസുകൾ ഉൾപ്പെടെ വാഹനം പ്രവേശിക്കുന്നത് തടഞ്ഞു.
സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചു പാർട്ടി ഈ പ്രശ്നം ചൂണ്ടിക്കാണിച്ചെങ്കിലും സർക്കാർ ചെവികൊടുക്കാത്തതിനാലാണ് പ്രതിഷേധം ശക്തമാക്കിയതെന്ന് നേതാക്കൾ അറിയിച്ചു. മാനവ സുരക്ഷ ഉറപ്പാക്കുകയും ഗുണമേന്മയുള്ള പൊതുസൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് ആം ആദ്മി പാർട്ടി ആവർത്തിച്ചു.