ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തെ തള്ളി രംഗത്തെത്തിയ കോൺഗ്രസ് മന്ത്രിയെ പുറത്താക്കി കോൺഗ്രസ്. ഹൈക്കമാൻഡ് നിർദ്ദേശത്തെ തുടർന്ന് കര്ണാടക സഹകരണ വകുപ്പ് മന്ത്രി കെ.എന് രാജണ്ണയെ രാജി മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു വാങ്ങുകയായിരുന്നു. സിദ്ധരാമയ്യയുടെ അടുത്ത അനുയായികളിലൊരാളായ രാജണ്ണയെ മന്ത്രിസഭയിൽ നിലനിർത്തണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവസാന നിമിഷം പാർട്ടി ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ സിദ്ധരാമയ്യ നിരത്തിയ എല്ലാ വിശദീകരണങ്ങളും ഹൈക്കമാൻഡ് തള്ളുകയായിരുന്നു. ഉടൻ തന്നെ രേവണ്ണയുടെ രാജി ഗവർണർ തവർചന്ദ് ഗെലോട്ടിന് അയയ്ക്കാനും സിദ്ധരാമയ്യയോട് നിർദ്ദേശിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച തെരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള രാജണ്ണയുടെ പരാമർശത്തിൽ ഹൈക്കമാൻഡ് അസ്വസ്ഥരാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.
രാജണ്ണയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് അവസരം ഉണ്ടാക്കിയതിനെ തുടർന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ നിർദ്ദേശിച്ചത്. കോൺഗ്രസ് ഭരണകാലത്താണ് കർണാടകയിൽ ഇത്തരം ദുരുപയോഗം നടന്നതെന്നും വളരെ നേരത്തെ തന്നെ ഇത് പരിഹരിക്കേണ്ടതായിരുന്നു എന്നും രാജണ്ണ പറഞ്ഞത്. എന്നാൽ വസ്തുതകൾ അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ രംഗത്തെത്തിയിരുന്നു.
‘‘എന്നാണു വോട്ടർപട്ടിക തയാറാക്കിയത്? നമ്മുടെ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ്. അന്ന് എല്ലാവരും കണ്ണടച്ചു മിണ്ടാതിരിക്കുകയായിരുന്നോ? പറയാനാണെങ്കിൽ പല കാര്യങ്ങളുമുണ്ട്. ക്രമക്കേട് നടന്നു എന്നതു സത്യമാണ്. അതു നടന്നത് നമ്മുടെ കൺമുന്നിലാണ്. നമ്മൾ ലജ്ജിക്കണം. അന്ന് നമ്മളതു ശ്രദ്ധിച്ചില്ല. കൃത്യസമയത്തു പ്രതികരിക്കേണ്ടത് നേതാക്കളുടെ കടമയാണ്. കരടു വോട്ടർ പട്ടിക തയാറാക്കിയപ്പോൾത്തന്നെ നമ്മൾ എതിർപ്പ് അറിയിക്കേണ്ടതായിരുന്നു. അത് നമ്മുടെ കടമയാണ്. അന്ന് നമ്മൾ നിശബ്ദരായിരുന്നിട്ട് ഇപ്പോൾ സംസാരിക്കുകയാണ്.’’– എന്നായിരുന്നു രാജണ്ണയുടെ വാക്കുകൾ.