വിഷ്ണു മഞ്ജുവിന്റെ പാന്‍ ഇന്ത്യന്‍ മാഗ്നം ഓപ്പസ് കണ്ണപ്പ മറ്റൊരു ബോക്‌സോഫിസ് ദുരന്തമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. റിലീസ് ദിവസം തന്നെ വ്യാപകമായ നെഗറ്റീവ് റിവ്യു വന്നത് ചിത്രത്തിന്റെ ബോക്‌സോഫീസ് പ്രകടനത്തെ ബാധിച്ചുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന. ഫസ്റ്റ് ഡേ കളക്ഷന്‍ പത്തു കോടിയിലെത്തിക്കാന്‍ കണ്ണപ്പയ്ക്ക് കഴിഞ്ഞിട്ടില്ല. 9 കോടി രൂപയാണ് ചിത്രം ആദ്യദിനം കളക്ട് ചെയ്തതെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. വിഷ്ണു മഞ്ജുവിന്റെയും പ്രഭാസിന്റെയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് ചിത്രം ഒരുപോലെ നിരാശ സമ്മാനിച്ചുവെന്നാണ് റിവ്യൂവര്‍മാര്‍മാരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
200 കോടി ചെലവില്‍ നിര്‍മിച്ച കണ്ണപ്പ പഴയകാല പുണ്യപുരാണ ചിത്രങ്ങളുടെ പുതിയ കാലത്തെ ആവിഷ്‌കാരമെന്ന നിലയിലാണ് സ്വീകരിക്കപ്പെടുന്നത്. ഗോത്രാചാരങ്ങളെ നിഷ്‌കാസനം ചെയ്ത് ഹിന്ദു മതത്തിലെ ശിവസങ്കല്‍പം സമൂഹത്തില്‍ ആധിപത്യം നേടിയത് എങ്ങനെയെന്ന് ചിത്രം കാണിച്ചു തരുന്നുണ്ട്. ചിത്രത്തിന്റെ മൂലകഥ 1976ല്‍ ഇറങ്ങിയ ഭക്ത കണ്ണപ്പ എന്ന ചിത്രമാണ്. ഭക്ത കണ്ണപ്പയോട് വിഷ്ണു മഞ്ജുവിന്റെ കണ്ണപ്പ നീതി കാട്ടിയില്ലെന്നാണ് തെലുങ്ക് ആരാധകര്‍ പറയുന്നത്. മലയാളം പതിപ്പ് സോഷ്യല്‍ മീഡിയയില്‍ നെറ്റിസന്‍മാരുടെ നിര്‍ദയമായ റോസ്റ്റിങ്ങിന് ഇരയായിക്കൊണ്ടിരിക്കുന്നു.