‘ കമല്‍ഹാസന്‍ എനും നാന്‍..’ രാജ്യസഭാംഗമായി തെന്നിന്ത്യയുടെ ഉലകനായകന്‍ സത്യപ്രതിജ്ഞ ചെയ്തത് തമിഴില്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുകയെന്ന ബിജെപി നയത്തിനെതിരെ സത്യപ്രതിജ്ഞയിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു കമല്‍. അഴിമതിക്കെതിരായ പോരാട്ടമെന്ന് ആഹ്വാനം ചെയ്ത് 2017 ലാണ് കമല്‍ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘മക്കള്‍ നീതി മയ്യം’ എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ഗ്രാമവികസനം, പരിസ്ഥിതി സുസ്ഥിരത എന്നിവയും കമല്‍ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടി.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്കു മത്സരിച്ചു. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ അന്നും അവസരമുണ്ടായിരുന്നെങ്കിലും തമിഴ്‌നാട്ടിലെ പ്രബല മുന്നണി നേതൃത്വങ്ങളായ ഡിഎംകെ, അണ്ണാ ഡിഎംകെ എന്നിവരെ കമല്‍ വിശ്വാസത്തിലെടുത്തില്ല. ആ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടാണ് മക്കള്‍ നീതി മയ്യത്തിനു ലഭിച്ചത്. 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സീറ്റില്‍ കമല്‍ മത്സരിച്ചു. അന്ന് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കമല്‍ ബിജെപി സ്ഥാനാര്‍ഥിയോടു തോറ്റു.
ഇപ്പോള്‍ കമല്‍ രാജ്യസഭയില്‍ എത്തിയിരിക്കുന്നത് ഡിഎംകെ പിന്തുണയോടെയാണ്. ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ സഹകരിക്കാന്‍ മക്കള്‍ നീതി മയ്യം തീരുമാനിച്ചത് വഴിയാണ് ഇപ്പോഴത്തെ രാജ്യസഭാ പ്രവേശനം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം എം.കെ.സ്റ്റാലിന്റെ ഡിഎംകെയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒഴിവുവരുന്ന ഒരു രാജ്യസഭാ സീറ്റ് മക്കള്‍ നീതി മയ്യത്തിനു നല്‍കാമെന്നായിരുന്നു അന്ന് ഡിഎംകെ നല്‍കിയ ഉറപ്പ്.
ഒറ്റയ്ക്കു നിന്നാല്‍ അണ്ണാ ഡിഎംകെ – ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയുണ്ടെന്നും അത് ബിജെപിക്കു തന്നെ ഗുണം ചെയ്യുമെന്നും കമല്‍ കരുതുന്നു. 2026 ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമലിന്റെ മക്കള്‍ നീതി മയ്യത്തിനു അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്ന് ഡിഎംകെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതു കൂടി മുന്നില്‍ കണ്ടാണ് കമല്‍ ഇപ്പോള്‍ രാജ്യസഭാംഗമായിരിക്കുന്നത്.
രാജ്യസഭാംഗമായി തിളങ്ങാന്‍ സാധിച്ചാല്‍ അതുവഴി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഡിഎംകെ പിന്തുണയുള്ളതിനാല്‍ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറാം. ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തിലെത്തിയാല്‍ ഒരു മന്ത്രിസ്ഥാനവും കമലിനു ലഭിക്കും. എം.കെ.സ്റ്റാലിനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന കമലിനു ഡിഎംകെ അധികാരത്തിലെത്തിയാല്‍ അടുത്ത മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള ഉദയനിധി സ്റ്റാലിനുമായും നല്ല ബന്ധമുണ്ട്. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും കമല്‍ പ്രതീക്ഷിക്കുന്നു.