സംസ്കൃത സർവ്വകലാശാലയിൽ സമരം ചെയ്ത 37 വിദ്യാർത്ഥികൾക്കെതിരെ നടപടി

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമരത്തിന് നേതൃത്വം നൽകിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി സർവ്വകലാശാല അറിയിച്ചു. സർവകലാശാല ലഹരി വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുന്നതിനും വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ അനാവശ്യ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് സർവ്വകലാശാല അറിയിച്ചു. ബുധനാഴ്ച 22 വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർവ്വകലാശാല ഉത്തരവ് പ്രകാരം നിർദ്ദേശിക്കപ്പെട്ട സമയത്ത് സർവകലാശാല ക്യാമ്പസിലെ വനിത ഹോസ്റ്റലുകൾ അടയ്ക്കാൻ ഇന്നലെ (ബുധൻ) രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ന് (വ്യാഴം) 15 വിദ്യാർത്ഥികൾക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം വിദ്യാർത്ഥികൾ രേഖാമൂലം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നതെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ ജലീഷ് പീറ്റർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *