ചിരിയുടെ രാജകുമാരന് വിട; കലാഭവന്‍ നവാസിന്റെ സംസ്കാരം വൈകിട്ട് അഞ്ചിന്

കൊച്ചി: നടൻ കലാഭവൻ നവാസിന് വിട. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്നു.നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

രാവിലെ പത്തു മണിക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി. തുടർന്ന് പത്തരയ്ക്ക് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. അഞ്ച് മണിയോടെ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ. സിനിമയുടെയും മിമിക്രി വേദികളിലൂടെയും മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനാണ് വിട വാങ്ങിയത്.

പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്‍റെ വിയോ​ഗം. ഇന്നും നാളെയും തന്‍റെ ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *