മഴ കനക്കുമ്പോൾ വണ്ടിയുമെടുത്ത് ഒന്നു കറങ്ങി വരാൻ പറ്റിയ ഒരിടമാണ് കോഴിക്കോടിന്റ ഊട്ടി എന്നറിയപ്പെടുന്ന കക്കയം.
മഴയത്ത് മാത്രം കൂടുതൽ സുന്ദരമാകുന്ന കോഴിക്കോടിന്റെ സ്വർഗ്ഗങ്ങളിൽ ഒന്നാണ് ഈ കക്കയം. മഴക്കാലമാണ് ഇവിടേക്കുള്ള യാത്ര ഏറ്റവും മനോഹരമാവുക. ഇടയ്ക്കിടെ വന്നു പൊതിയുന്ന കോടമഞ്ഞും, നിമിഷങ്ങൾ കൊണ്ട് പൊടുന്നനെ മഴയായി നൂലുപോലെ താഴേക്ക്. എത്ര വർണിച്ചാലും തീരാതെ. അത്രമേൽ മനോഹരിയാണ് കക്കയം. ഓരോ കാഴ്ചയിലും വത്യസ്ത ഫ്രെയിമൊരുക്കുന്ന പ്രകൃതിയും ഇരുണ്ട വനവും കേട്ടതിലും മനോഹരമാണ്
ട്രെക്കിങ് പാതകള്‍ക്കും ബോട്ടിങ്ങിനും പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ ഡാം സൈറ്റാണ് കക്കയം. ഡാമിന്
ചുറ്റും നിരവധി അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും കാണാം. വേനലിൽ നേർത്ത് നൂൽ പോലെ ഒഴുകി, മഴക്കാലത്ത് ജീവൻ കിട്ടുന്ന അരുവികളും കുന്നും മലയും കാടും ഒക്കെ ഈ യാത്രയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. അതുകൊണ്ടു തന്നെ മൺസൂൺ യാത്രകളിൽ കക്കയം ഇല്ലെങ്കിൽ അതൊരു വലിയ നഷ്ടമായിരിക്കും.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,460 അടി ഉയരത്തിലാണ് ഡാം നിലകൊള്ളുന്നത്. കോഴിക്കോട് നിന്ന് 64 കിലോമീറ്ററാണ് കക്കയം ഡാമിലേക്കുള്ള ദൂരം. ബാലുശ്ശേരിയിൽ നിന്ന് കൂരാച്ചുണ്ട് വഴി പോയാൽ കക്കയത്ത് എത്താം. കക്കയം ചെറിയൊരു ടൗണാണ്. അടിയന്തരാവസ്ഥ കാലത്ത് കുപ്രസിദ്ധി നേടിയ പോലീസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെ ആണ്. അന്ന് കൊല്ലപ്പെട്ട ആർ.ഇ.സി വിദ്യാർഥി രാജന്‍റെ സ്മാരകം കക്കയം ടൗണിൽ തന്നെ കാണാം.
എവിടെ നിന്നു വന്നാലും കക്കയം ടൗണിലെത്തി അവിടുന്ന് തിരിഞ്ഞ് വേണം കക്കയം ഡാമിലേക്ക് വരാൻ. തലയാടാണ് കക്കയത്തോടടുത്ത് കിടക്കുന്ന അത്യാവശ്യം നല്ല ഒരു ടൗണ്‍. തലയാട് പിന്നിട്ടുകഴിഞ്ഞാല്‍ കക്കയം ചുരം പാത തുടങ്ങുകയായി. മലയോര മേഖലയിലെ വളഞ്ഞുപുളഞ്ഞു പോകുന്ന ചുരം പാതയിലൂടെയുള്ള യാത്ര തികച്ചും വേറിട്ട അനുഭവമാണ്.
കക്കയം ഡാം ചെക്ക് പോസ്റ്റ് വരെ മാത്രമേ വാഹനങ്ങൾക്ക് പോകാൻ അനുവാദം ഉള്ളു. പിന്നീട് ഇവിടുന്ന് ഡാം സൈറ്റിലേക്ക് 10 മിനുട്ട് നടത്തം ഡാമിലേക്ക് ഉണ്ട്. കുറ്റ്യാടിപ്പുഴയെ തടഞ്ഞു നിർത്തിയാണ് കക്കയം ഡാം പണിതിരിക്കുന്നത്. വയനാട്ടിലെ ബാണാസുര സാഗർ ഡാമിൽ നിന്ന് വരുന്ന വെള്ളമാണ് കക്കയത്തെത്തുന്നത്. ഇവിടെ നിന്ന് പെൻസ്റ്റോക്ക് പൈപ്പിലൂടെ താഴേക്ക് പോകുന്ന വെള്ളം വൈദ്യുതി ഉൽപ്പാദനത്തിന് ശേഷം വീണ്ടും പുഴയിലേക്ക് എത്തിച്ചേരും.
ഉരുക്കുഴി വെള്ളച്ചാട്ടം
കക്കയം ഡാമിൽ നിന്നും ഒരു കിലോമീറ്റർ നടന്നാൽ പ്രസിദ്ധമായ ഉരുക്കുഴി വെള്ളച്ചാട്ടം ആയി. കേരളത്തിലെ ഏറ്റവും അപകടം നിറഞ്ഞ വെള്ളച്ചാട്ടം എന്ന പേരിലാണ് ഉരക്കുഴി വെള്ളച്ചാട്ടം അറിയപ്പെടുന്നത്. നിറയെ പാറക്കൂട്ടങ്ങളുള്ള വെള്ളച്ചാട്ടമാണ് ഉരുക്കുഴി. പാറക്കെട്ടിൽ നിന്ന് കാലൊന്നു വഴുതി വീണാൽ പോലും ഇവിടെ തിരിച്ചുവരവില്ല എന്നാണ് പറയുന്നത്.
ഇവ കൂടാതെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ ജലസംഭരണി, പവര്‍ഹൗസ്, കരിയത്താന്‍ മല എന്നിങ്ങനെ കാണാൻ ഇഷ്ടംപോലെ കാഴ്ചകൾ വേറെയും ഇവിടുണ്ട്.