കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമീണ ജീവിതത്തിന്റെ മനോഹാര്യത നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് കടമക്കുടി. നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ മാത്രം ദൂരെ, നാലു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട ഈ ദ്വീപ് മനോഹരമായ ഉദയാസ്തമയങ്ങളുടെ അനുഭവം നമുക്ക് സമ്മാനിക്കുന്നു. ചെമ്മീൻ കെട്ടുകൾക്കും, പൊക്കാളി കൃഷിക്കും പ്രസിദ്ധമായ കടമക്കുടി കൊച്ചി നിവാസികളുടെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം തന്നെ മാറി കഴിഞ്ഞു.
ഭൂമിശാസ്ത്രം
വേമ്പനാട്ടു കായലിന് നടുവിലായി പിഴല, വലിയ കടമക്കുടി, ചെറിയ കടമക്കുടി, പാളയം തുരുത്ത് തുടങ്ങിയ പതിനാലോളം ദ്വീപുകൾ ചേരുന്ന മനോഹരമായ ഒരു ദ്വീപ് സമൂഹമാണിത്. പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് തുടങ്ങിയവയാണ് മറ്റ് ദ്വീപുകൾ. ഇതിൽ വലിയ കടമക്കുടിയാണ് പ്രധാന ദ്വീപ്. 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ, ഉണ്ടായ ഒരു ദ്വീപാണ് കടമക്കുടി എന്നത് ചരിത്രം.
വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടേയ്ക്ക് എത്തിച്ചേരണമെങ്കിൽ മുൻ കാലങ്ങളിൽ ജലമാർഗങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. എന്നാൽ കാലം മാറിയപ്പോൾ കടമക്കുടിക്കും കൊച്ചു കൊച്ചു മാറ്റങ്ങൾ ഒക്കെ സംഭവിച്ചു. ഇന്ന് റോഡ് മാർഗവും കടമക്കുടിയിലേക്ക് എത്താം. മനോഹരമായ ഒരു റൈഡിംഗ് അനുഭവവും നിങ്ങൾക്ക് നൽകാൻ ഇവിടേക്കുള്ള റോഡുകൾക്ക് സാധിക്കും.
കടമക്കുടിയിലെ ജീവിതങ്ങൾ
ഇരുപതിനായിരത്തിൽ താഴെയാണ് കടമക്കുടിയിലെ ജനസംഖ്യ. മത്സ്യബന്ധനത്തിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരാണ് ഇതിൽ കൂടുതൽ. കയൽ കടന്ന് കൊച്ചി നഗരത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും നിരവധിയാണ്. കടമക്കുടിയിലെ കെട്ടുകളിൽ നിന്ന് പിടിച്ചെടുക്കുന്ന പിടപിടയ്ക്കുന്ന മീനുകൾക്കും ആവശ്യക്കാർ ഏറെയുണ്ട്. ചൂണ്ട ഇട്ടും, വല വീശിയും മീൻ പിടിക്കുന്നവർ കടമക്കുടിയിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്.
വൈവിധ്യമാർന്ന നാടൻ ഭക്ഷ്യ വിഭവങ്ങളും കടമക്കുടിക്ക് സ്വന്തം. കായൽ ഞണ്ടും, കരിമീൻ പൊള്ളിച്ചതും സഞ്ചാരികളുടെ ഇഷ്ട വിഭവങ്ങളാണ്. നല്ല നാടൻ കള്ള് കിട്ടുന്ന കള്ളുഷാപ്പുകളും ഇവിടെ നിരവധിയുണ്ട്. വൈകുന്നേരങ്ങളിൽ നല്ല ചൂട് കടികൾ വിൽക്കുന്ന കടകളും റോഡരികിൽ കാണാം.
കോർത്തിണക്കിയ കാഴ്ചകൾ
സുര്യാസ്തമയ സമയത്ത് കടമക്കുടി അതി സുന്ദരിയാണ്. അസ്തമയ സൂര്യൻ താഴേയ്ക്ക് മറയുമ്പോൾ കടമക്കുടിയുടെ ആകാശം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടും. തന്റെ പ്രകൃതി രമണീയത കൊണ്ട് നിരവധി സിനിമകളിലും കടമക്കുടി ഇടം പിടിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ട ലൊക്കേഷനാണ് ഇവിടം. സമൂഹ മാധ്യമങ്ങളിലും കടമക്കുടി വമ്പൻ ഹിറ്റാണ്.
കൊച്ചിയിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് കയാക്കിങിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ അതി മനോഹരമായ ജല മാർഗങ്ങളിലൂടെ സഞ്ചരിച്ച് കടമക്കുടിയെ അടുത്തറിയാനുള്ള ഒരു മികച്ച അവസരമാണ് ഇവിടുത്തെ വഞ്ചി യാത്ര. സഞ്ചാരികളുടെ പറുദ്ദീസയായ ഇവിടെ നിരവധി ദേശാടന പക്ഷികളും സ്ഥിരം സന്ദർശകരാണ്. പരമ്പരാഗത ഗ്രാമീണ ജീവിതം ആസ്വദിക്കാനും പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് നല്ല നേരം ചിലവഴിക്കാനും കടമക്കുടിയിലേക്ക് പോകാം.