മതപരിവർത്തന ആരോപണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ജാമ്യാപേക്ഷ തിങ്കളാഴ്ച

തിരുവനന്തപുരം: മതപരിവർത്തന ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻ്റിൽ ജോലിക്ക് എത്തിയവരെ വിളിച്ചുകൊണ്ടുവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ് , പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മതപരിവർത്തനം ആരോപിച്ചത് ബജ്റംഗ്‌ദൾ പ്രവർത്തകരെന്ന് അറസ്റ്റിലായ കന്യാസ്‌ത്രീകളുടെ സഹപ്രവർത്തക പറഞ്ഞു. യുവതികളോട് മൊഴി മാറ്റാൻ ബജ്റംഗ്‌ദൾ പ്രവർത്തകർ നിർബന്ധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ആദ്യം പൊലീസ് ചോദിച്ചപ്പോൾ രക്ഷിതാക്കളുടെ സമ്മതത്തോടെയും സ്വന്തം ഇഷ്ടപ്രകാരവുമാണ് വന്നതെന്ന് മൂന്ന് പെൺകുട്ടികളും പറഞ്ഞിരുന്നു. പിന്നീട് ജ്യോതിഷ് ശർമ എന്ന സ്ത്രീ വന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കൂട്ടത്തിൽ ഒരു പെൺകുട്ടി തങ്ങളെ നിർബന്ധിച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് പറയുകയായിരിക്കുന്നു.

നിർബന്ധിത മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ചാണ് സിസ്റ്റർമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികൾ സിഎസ്‌ഐ ക്രിസ്ത്യാനികളാണ്. അറസ്റ്റിലായ സിസ്റ്റേഴ്‌സ്, അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ്. കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്.

കന്യാസ്ത്രീകൾ തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകും. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്. ഛത്തീസ്ഗഡ് സ്വദേശികളായ യുവതികളെ ജോലിക്കായി കൊണ്ടുപോയതാണെന്നും മതപരിവർത്തനം നടത്തിയിട്ടില്ലെന്നും കന്യാസ്ത്രീകൾ കോടതിയെ അറിയിക്കും. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് തിങ്കളാഴ്ച ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *