വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു; അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു

ശ്രീനഗർ: വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും രാജ്യത്തിന്‍റെ അഖണ്ഡതക്ക് എതിരെന്നും ആരോപിച്ച് അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. ഭാരതീയ ന്യായ സംഹിത 2023-ലെ 192, 196, 197 വകുപ്പുകൾ ലംഘിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിരോധനം. ലെഫ്റ്റനന്റ് ഗവർണറാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി. ചരിത്രപരമോ രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങളുടെ മറവിൽ വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന ഈ പുസ്തകങ്ങൾ, യുവാക്കളുടെ മനസ്സിനെ സ്വാധീനിക്കുകയും സുരക്ഷാ സേനകളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപിച്ചിട്ടുണ്ട്.

ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂർണമായി നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിരോധന വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ വിവിധ വകുപ്പുകൾക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസിനും കൈമാറിയിട്ടുണ്ട്.

ചരിത്രപരമായ വസ്തുതകളുടെ വളച്ചൊടിക്കൽ, തീവ്രവാദികളെ മഹത്വവൽക്കരിക്കൽ, സുരക്ഷാ സേനയെ അപകീർത്തിപ്പെടുത്തൽ, മതപരമായ തീവ്രവാദം, അന്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കൽ, അക്രമത്തിലേക്കും ഭീകരതയിലേക്കുമുള്ള പാത തുടങ്ങി ജമ്മു കശ്മീരിലെ യുവാക്കളുടെ തീവ്രവാദവൽക്കരണത്തിന് ഈ പുസ്തകങ്ങൾ വഴിതെളിച്ചു എന്നാണ് കണ്ടെത്തൽ.

ക്രിസ്റ്റഫർ സ്നെഡന്റെ ഇൻഡിപെൻഡന്റ് കശ്മീർ, എ.ജി. നൂറാനിയുടെ ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012, സുമന്ത്ര ബോസിന്റെ കശ്മീർ അറ്റ് ക്രോസ് റോഡ്സ് (ഇൻസൈഡ് എ 21-ാം നൂറ്റാണ്ടിലെ സംഘർഷം), ആയിഷ ജലാലും സുഗത ബോസും എഴുതിയ കശ്മീർ & ദി ഫ്യൂച്ചർ ഓഫ് സൗത്ത് ഏഷ്യ, അരുന്ധതി റോയിയുടെ ആസാദി, എഴുത്തുകാരൻ സ്റ്റീഫൻ പി. കോഹന്റെ കൺഫ്രണ്ടിംഗ് ടെററിസം എന്നിവയാണ് നിരോധിച്ചതായി പ്രഖ്യാപിച്ച പുസ്തകങ്ങൾ. ഇസ്ലാമിക പണ്ഡിതരുടെ രണ്ട് പുസ്തകങ്ങളായ ഇമാം ഹസൻ അൽ-ബന, മൗലാന മൗദാദി എന്നിവയും പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *