പിണറായിയെയും ഗോവിന്ദനെയും കടന്നാക്രമിച്ച് ജമാ അത്തെ ഇസ്ലാമി, സിപിഎം വിതയ്ക്കുന്നത് ബിജെപി കൊയ്യുന്നെന്ന് കേരള അമീര്‍

മാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി സിപിഎം കേരളത്തില്‍ വിേദ്വഷ പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ്‌റഹ്മാന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയെ സിപിഎം ഭീകരവത്കരിച്ചു. സംഘടനയെക്കുറിച്ച് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറയുന്നത് പച്ചക്കള്ളമാണെന്നും സിപിഎം വിതക്കുന്നതിലുള്ള നേട്ടം കൊയ്യുന്നത് ബിജെപി ആണെന്ന രാഷ്ട്രീയ ബോധം സിപിഎമ്മിന് വേണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ജയിക്കുമ്പോള്‍ മതേതരം അല്ലാത്തപ്പോള്‍ വര്‍ഗീയം എന്നതാണ് സി.പി.എം രീതി. കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലത്തെ സംഘടനയുടെ പ്രവര്‍ത്തനം വെച്ചാണ് ജമഅത്തിനെ കേരളീയ സമൂഹം വിലയിരുത്തേണ്ടതെന്ന് അമീര്‍ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ മധുരം നുണയാത്ത പാര്‍ട്ടി ഉണ്ടെങ്കില്‍ അത് ബിജെപി മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുടെ മധുരം നുകര്‍ന്നവരാണ്. മന്ത്രി റിയാസ് വീട്ടില്‍ പോകുമ്പോള്‍ ഇക്കാര്യം ചോദിക്കണം. ഇപ്പോള്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്നാണ് പറയാനുള്ളത് എന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. മലപ്പുറത്തിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതുവരെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. പ്രിയങ്ക ജയിച്ചത് വര്‍ഗീയ വോട്ട് കൊണ്ട്, ഷാഫി ജയിച്ചത് വര്‍ഗീയ വോട്ട് കൊണ്ട്, രാഹുല്‍ ജയിച്ചത് വര്‍ഗീയത, നിലമ്പൂരില്‍ ഷൗക്കത്ത് ജയിച്ചതും വര്‍ഗീയ വോട്ട് ഇങ്ങനെയാണ് സിപിഎം പറഞ്ഞത്. എന്നാല്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ സിപിഎം വര്‍ഗീയത പറഞ്ഞിട്ടില്ല.
പഹല്‍ഗം അക്രമണത്തിനെതിരെ ആദ്യം പ്രതികരിച്ചവര്‍ ആണ് ജമാഅത്തെ ഇസ്ലാമി. എന്നാല്‍ എം.വി. ഗോവിന്ദന്‍ പറഞ്ഞത് ജമാ അത്തെ ഇതിനെതിരെ പ്രതികരിച്ചില്ല എന്നാണ്. മുഖ്യമന്ത്രി നിലമ്പൂരില്‍ വന്ന് പ്രസംഗം നടത്തിയപ്പോഴും പച്ചക്കള്ളം പറഞ്ഞു. തരിഗാമി മത്സരിക്കുന്ന സ്ഥലത്ത് ജമാ അത്ത് ബിജെപിക്ക് ഒപ്പം നിന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാപരമായി തെറ്റ്. ജമാ അത്തെ പിന്തുണച്ചത് അവിടെ മത്സരിച്ച സ്വതന്ത്രനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *