നിരന്തര ആക്രമണത്തിനിടെ ഗാസ പിടിച്ചെടുക്കാനൊരുങ്ങി ഇസ്രായേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പ്രതിരോധ മന്ത്രി ഇസ്രായേൽ കട്സ്, മന്ത്രി രോൺ ഡെർമർ, സൈനിക മേധാവി ലഫ്. ജനറൽ ഇയാൽ സമീർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ തീരുമാനം വ്യാഴാച ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ അവതരിപ്പിക്കും എന്നാണ് സൂചന. കാബിനറ്റിൽ കൈക്കൊള്ളുന്ന തീരുമാനം സൈന്യം നടപ്പിലാക്കും എന്നാണ് നെതന്യാഹും യോഗത്തിന് ശേഷം പറഞ്ഞത്. പ്രതിരോധ മന്ത്രി ഇസ്രായേൽ കട്സ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ ഇന്നത്തെ ദിവസം ചില ആഭ്യന്തര ചർച്ചകളുണ്ട്. അതിന് ശേഷമേ തീരുമാനത്തിലെത്തൂ എന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാ ജീവനക്കാരുടെ യോഗത്തിൽ സേനാ മേധാവി നെതന്യാഹുവിനെ അഭിപ്രായ ഭിന്നത അറിയിച്ചു. ഇരുവരും തമ്മിൽ യോഗത്തിലും എതിൽ അഭിപ്രായം ഉണ്ടായി എന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ ഇസ്രായേൽ അതിക്രമം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താൻ അന്തർദേശീയ തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കം. ദീർഘകാല ലക്ഷ്യമാണോ ഈ നീക്കത്തിന് പിന്നിലെന്ന് വ്യക്തമല്ല. അതല്ല ഹമാസിനെ ഇല്ലായ്മ ചെയ്യുകയെന്ന സ്ഥാപിത ലക്ഷ്യത്തിലേക്കുള്ള നീക്കം മാത്രമാണോ ഇതെന്നതിൽ വ്യക്തത വന്നിട്ടില്ല.
ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും പിൻവാങ്ങിയത് രണ്ട് പതിറ്റാണ്ട് മുൻപാണ്. 2005 ൽ. ഈ നീക്കത്തിന് പിന്നാലെയാണ് പ്രദേശത്ത് ഹമാസ് ശക്തമായതെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. തീവ്ര വലതുപക്ഷ പാർട്ടികൾ ഇക്കാര്യം ആവർത്തിച്ച് ഉന്നയിക്കുകയും ചെയ്തിരുന്നു. ഗാസ പിടിച്ചെടുത്താൽ വെസ്റ്റ് ബാങ്കിന് പുറമേ ഗാസയിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാമെന്നുമാണ് പ്രതീക്ഷ. കഴഞ്ഞ രണ്ട് വർഷമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ഹമാസും നടത്തിയ സമാധാന ചർച്ചകൾ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
ഗാസ പിടിച്ചെടുക്കും എന്ന ഇസ്രായേൽ തീരുമാനത്തോട് ഒരു തരത്തിലും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നിലവിൽ ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കേണ്ടതില്ല. മറിച്ച് ഗാസയിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കളും ഭക്ഷണവും എത്തിക്കുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രായേലും അറബ് രാജ്യങ്ങളും ഗാസയിൽ ഭക്ഷണവും അവശ്യ സാമഗ്രികളും അടിയന്തര സാമ്പത്തിക സഹായവും എത്തിക്കും എന്നാണ് അമേരിക്ക പറയുന്നത്.
സംഘർഷം തുടർന്നാ3ൽ ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് ഏതാനും മാസം മുൻപ് പ്രഖ്യാപിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കം.