ഗാസ : ഇസ്രയേലിന്റെ കടുത്ത ബോംബാക്രമണത്തില്‍ 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരന്തരമായുണ്ടായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിരവധി ആളുകൾ സ്കൂളുകളില്‍ അഭയം തേടിയിരുന്നു.ആക്രമണത്തില്‍ സ്കൂളിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഭക്ഷണം തേടിയിറങ്ങിയവർക്കെതിരെയും ആക്രമണമുണ്ടായി.നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.
ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗാസ സിറ്റിയിലും കടല്‍ത്തീരത്തുളള ഒരു കഫേയിലുമാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ഗാസ സിറ്റിയില്‍ 62 പേരും കഫേയില്‍ 30 പേരുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്ന ഒരു അഭയകേന്ദ്രമായിരുന്നു കഫേ. ആയിരക്കണക്കിനു പേര് അഭയം തേടിയ മധ്യ ഗാസയിലെ ദെയ്ര് എല്‍ ബലായിലെ അല്‍ അഖ്സ ആശുപത്രിക്ക് മുന്നിലും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി .ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാജ്യങ്ങൾ ഒന്നടങ്കം ഇസ്രയേലിനോട് സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഗാസയിൽ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തുന്നത് .