ഗോവയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗ നിരക്കുകൾ രേഖപ്പെടുത്തിയത്. പ്രമേഹം ഏറ്റവും വ്യാപകമായത് കേരളത്തിലാണ് (35 ശതമാനം).
ന്യൂഡൽഹി: രാജ്യത്തെ പത്തിൽ ഏഴ് മുതിർന്ന പൗരന്മാരും സാമ്പത്തികമായി ആശ്രയിക്കുന്നവരാണെന്ന് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കിടയിൽ വർദ്ധിച്ചുവരുന്ന ആശ്രിതത്വം, പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത രോഗങ്ങൾ, വർദ്ധിച്ചുവരുന്ന ഒറ്റപ്പെടൽ എന്നിവ ഗുരുതരമായ അവസ്ഥയാണെന്ന് പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത് പ്രായമാകുന്ന പൗരന്മാരെ പിന്തുണയ്ക്കുന്നതിന് രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ എന്തൊക്കെയെന്ന ചോദ്യങ്ങൾ ഉയർത്തുന്നു.
നീതി ആയോഗ്, സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവയുമായി സഹകരിച്ച് സങ്കല ഫൗണ്ടേഷൻ പുറത്തിറക്കിയ ഏജിംഗ് ഇൻ ഇന്ത്യ: ചലഞ്ചസ് ആൻഡ് ഓപ്പർച്യുണിറ്റീസ് എന്ന റിപ്പോർട്ടിലാണ് 60 വയസും അതിൽ കൂടുതലുമുള്ള ഇന്ത്യക്കാർ അനുഭവിക്കുന്ന ജീവിത നിലവാരത്തിന്റെ ഗൗരവമേറിയ സ്നാപ്പ്ഷോട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം, ഏകദേശം 70 ശതമാനം വയോധികരും സാമ്പത്തികമായി ആശ്രയിച്ചു കഴിയുന്നവരാണ്. അവരിൽ പലരും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിരമിക്കൽ പ്രായം കഴിഞ്ഞും ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ആയുർദൈർഘ്യത്തിൽ പുരോഗതി ഉണ്ടായിട്ടും, സാമ്പത്തിക അരക്ഷിതാവസ്ഥ തുടരുന്നു. സർവേയിൽ പങ്കെടുത്ത വയോധികരിൽ 6.4 ശതമാനം പേർ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നു.
5.6 ശതമാനം പേർ പട്ടിണിയിലാണ്. 4.2 ശതമാനം പേർ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു തവണയെങ്കിലും ഒരു ദിവസം മുഴുവൻ ഭക്ഷണം ഒഴിവാക്കിയവരാണ്. ഗ്രാമീണ മേഖലകളിലോ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലോ ഉള്ള പ്രായമായ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പോഷകാഹാര അസമത്വം ഇപ്പോഴും വളരെ രൂക്ഷമാണ്. ഒഡീഷ (37.1 ശതമാനം), ഉത്തർപ്രദേശ് (36.6 ശതമാനം) എന്നിവിടങ്ങളിലാണ് ഭാരക്കുറവുള്ള വൃദ്ധരുടെ ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര, നാഗർ ഹവേലി (40.1 ശതമാനം) മുന്നിലാണ്. നേരെമറിച്ച്, പഞ്ചാബ് (28 ശതമാനം) ചണ്ഡീഗഡ് (21.5 ശതമാനം) എന്നിവിടങ്ങളിലാണ് പൊണ്ണത്തടിയും അമിതഭാരവും ഏറ്റവും കൂടുതലുള്ളത്.
വയോധികരെ ഇപ്പോഴും ഗുരുതരമായി ബാധിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളാണ്. 35.6 ശതമാനം പേർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും 32 ശതമാനം പേർക്ക് രക്താതിസമ്മർദ്ദവും 13.2 ശതമാനം പേർക്ക് പ്രമേഹവും ഉണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗോവയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗ നിരക്കുകൾ രേഖപ്പെടുത്തിയത്, യഥാക്രമം 60 ശതമാനവും 57 ശതമാനവും. പ്രമേഹം ഏറ്റവും വ്യാപകമായത് കേരളത്തിലാണ് (35 ശതമാനം), തൊട്ടുപിന്നാലെ പുതുച്ചേരിയിലും (28 ശതമാനം) ഡൽഹിയിലും (26 ശതമാനം) ആണ്.
പ്രായമായവരിൽ 19 ശതമാനം പേരെയും അസ്ഥി, സന്ധി രോഗങ്ങൾ ബാധിക്കുന്നു, ഇത് ഏറ്റവും കൂടുതൽ തെലങ്കാനയിലാണ് (33 ശതമാനം). അതേസമയം, ജമ്മു കശ്മീരിലും (22 ശതമാനം) തെക്കൻ സംസ്ഥാനങ്ങളിലുമാണ് ആർത്രൈറ്റിസ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങൾ മറ്റൊരു പ്രധാന ആശങ്കയായി ഉയർന്നുവരുന്നു. പ്രായമായവരിൽ 30 ശതമാനം പേർക്കും വിഷാദരോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും, 8 ശതമാനം പേർക്ക് ഗുരുതരമായ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് കണ്ടെത്തി. സ്വയം റിപ്പോർട്ട് ചെയ്തതും ക്ലിനിക്കലായി തിരിച്ചറിഞ്ഞതുമായ കേസുകൾ തമ്മിലുള്ള 10 ശതമാനം അന്തരവും ഇത് എടുത്തുകാണിക്കുന്നു. ഇത് രോഗനിർണയത്തിലെ അപാകതയെന്നാണ് വിലയിരുത്തുന്നത്. പ്രായമായ സ്ത്രീകൾ, പ്രത്യേകിച്ച് വിധവകൾ, അവഗണനയ്‌ക്കോ ദുരുപയോഗത്തിനോ വിധേയരായവർ എന്നിവരാണ് രോഗനിർണയം പോലും സാധ്യമല്ലാത്ത അവസ്ഥയിലുള്ളത്.

സാമൂഹികമായി ഒറ്റപ്പെടൽ വർദ്ധിച്ചുവരികയാണ്, പ്രത്യേകിച്ച് പ്രായമായ സ്ത്രീകൾക്കിടയിൽ. കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച കാരണം വൃദ്ധരായ 18.7 ശതമാനം സ്ത്രീകളും 5.1 ശതമാനം പുരുഷന്മാരും ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. മുതിർന്ന പൗരന്മാർക്കിടയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, ഏകാന്തത വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായമായവരുടെ അനുപാതം 16.5 ശതമാനമുള്ള കേരളത്തിൽ, മുതിർന്നവരുടെ ഇടയിൽ 65 ശതമാനം സ്മാർട്ട്‌ഫോൺ ഉപയോഗവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഡിജിറ്റൽ മേഖലയിലെ പ്രോത്സാഹജനകമായ പ്രവണതയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. പ്രായമായവരുടെ ജനസംഖ്യാ വിഹിതത്തിൽ തമിഴ്‌നാട് (13.6 ശതമാനം), ഹിമാചൽ പ്രദേശ് (13.1 ശതമാനം), പഞ്ചാബ് (12.6 ശതമാനം) എന്നിവ തൊട്ടുപിന്നിലുണ്ട്. ഇതിനു വിപരീതമായി, ബീഹാർ (7.7 ശതമാനം), ഉത്തർപ്രദേശ് (8.1 ശതമാനം), അസം (8.2 ശതമാനം) എന്നിവയാണ് ഏറ്റവും കുറഞ്ഞ അനുപാതം റിപ്പോർട്ട് ചെയ്യുന്നത്.
പ്രായാധിഷ്ഠിത വിവേചനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഡൽഹിയിലാണ്. അവിടെ 12.9 ശതമാനം പ്രായമായവർ ഏതെങ്കിലും തരത്തിലുള്ള വിവേചനം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തു. 70 വയസ്സിനു മുകളിലുള്ളവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷ പോലുള്ള മുതിർന്ന പൗരന്മാരെ പിന്തുണയ്ക്കുന്നതിനായിട്ടുള്ള കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ശക്തമല്ലാത്ത ആഭ്യന്തര -മന്ത്രാലയ ഏകോപനം, ഗാർഹിക പരിചരണത്തിലെ ശ്രദ്ധക്കുറവ്, വയോജന സൗഹൃദ നഗര അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ കടുത്ത വെല്ലുവിളി ഉയർത്തുന്നു.