നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയങ്ങളിൽ ഒന്നാണ് കരൾ. രക്തത്തിൽ നിന്നുള്ള വിഷവസ്തുക്കൾ നീക്കംചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, പോഷകങ്ങൾ ശേഖരിക്കുക, മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ ജോലികളാണ് കരൾ ചെയ്യുന്നത്. മദ്യപാനം, അണുബാധകൾ ഉൾപ്പടെയുള്ള പല കാരണങ്ങൾ കൊണ്ടും പ്രായം കുറഞ്ഞവരിൽ പോലും കരൾരോഗങ്ങൾ വർധിച്ചുവരുന്നുണ്ട്.
ആഗോളതലത്തിൽ മരണം വിതയ്ക്കുന്ന രോഗങ്ങളിൽ പത്താമതാണ് കരൾ രോഗത്തിന്റെ സ്ഥാനം. ഓരോവർഷവും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ കാൻസർ തുടങ്ങിയവ കരൾ രോഗങ്ങളിൽപ്പെടുന്നു. പലപ്പോഴും കരൾ രോഗം മൂർച്ഛിക്കുമ്പോൾ മാത്രമേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ.
രോഗലക്ഷണങ്ങൾ എത്രയും വേഗം തിരിച്ചറിയുന്നത് അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂർണമായി മാറ്റിയെടുക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. കരളിന്റെ ആരോഗ്യം തകരാറിലാകുമ്പോൾ ശരീരത്തിൽ പലവിധ ലക്ഷണങ്ങൾ പ്രകടമാകും. അത്തരത്തിൽ ചർമത്തിൽ കാണുന്ന നാല് ലക്ഷണങ്ങളെക്കുറിച്ച് അറിയാം.
ചർമ്മത്തിലെ നിറവ്യത്യാസം
ചർമത്തിൽ തെളിയുന്ന പ്രധാനലക്ഷണങ്ങളിലൊന്ന് മഞ്ഞപ്പിത്തത്തിന്റെ ഭാഗമായുണ്ടാകുന്ന മഞ്ഞനിറമാണ്.പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് ഈ മഞ്ഞനിറം വരുന്നത്. കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്.
കൈപ്പത്തിയിൽ ചുവപ്പുനിറം
കൈപ്പത്തിയിൽ ചുവപ്പുനിറത്തിലോ, വീക്കമോ കാണപ്പെടുന്നുണ്ടെങ്കിൽ കരൾ രോഗത്തിന്റെ ലക്ഷണമാണ്. രക്തയോട്ടം വർധിക്കുന്നതിന്റെയും ഈസ്ട്രജൻ നില ഉയർന്നിരിക്കുന്നതിന്റെയും ഭാഗമായാണ് ഇങ്ങനെ നിറവ്യത്യാസം അനുഭവപ്പെടുന്നത്.
വിട്ടുമാറാത്ത ചൊറിച്ചിൽ
ശരീരത്തിൽ വിട്ടുമാറാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും കരൾ രോഗ ലക്ഷണമാണ്. രാത്രിയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കരുത്. ചൊറിച്ചിൽ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ അവഗണിക്കാതെ ഉടനടി വൈദ്യസഹായം തേടുക.
സ്പൈഡർ ആൻജിയോമ
ചർമത്തിൽ തെളിയുന്ന പാടുകളാണ് സ്പൈഡർ ആൻജിയോമ. രക്തക്കുഴലുകൾ വികസിച്ച് വലയുടെ രൂപത്തിൽ ചെറുതും വലുതുമായി കാണുന്ന കൂട്ടമാണിത്. മുഖത്തും കഴുത്തിലും നെഞ്ചിന്റെ ഭാഗത്തുമാണ് സാധാരണയായി പ്രത്യക്ഷപ്പെടുന്നത്. ഈസ്ട്രജൻ നില ഉയരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.