ഇറാന്റെ സ്റ്റേറ്റ് ടിവി ആക്രമിച്ചു തകര്‍ത്ത ഇസ്രായേലിന്റെ നടപടിയില്‍ ആശ്വാസം കൊള്ളുന്നവരാണ് ഇറാനിലെ രാഷ്ട്രീയ വിമതര്‍. ഔദ്യോഗിക മാധ്യമത്തിന്റെ തകര്‍ച്ചയിലുള്ള ആശ്വാസവും സന്തോഷവും അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
ഐആര്‍ഐബിയുടെ 8.30 സ്പെഷ്യല്‍ ന്യൂസ് ബുള്ളറ്റിന് പോലുള്ള പ്രോഗ്രാമുകള്‍ വിമതരുടെ നിര്‍ബന്ധിത കുറ്റസമ്മതങ്ങള്‍ പതിവായി സംപ്രേക്ഷണം ചെയ്തിരുന്നുവെന്ന് ഇറാനിലെ മുന്‍ രാഷ്ട്രീയത്തടവുകാരിയായ നസില മറൂഹിയന് പറയുന്നു. ജയിലിലടച്ച ആക്റ്റിവിസ്റ്റുകളും പ്രതിഷേധക്കാരും ഫ്രഞ്ച് പൗരന്മാരായ സെസിലി കോഹ്ളര്‍, ജാക്വസ് പാരീസ് തുടങ്ങിയ വിദേശ പൗരന്മാരും ഈ നിര്‍ബന്ധിത കുറ്റസമ്മത ഷോയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായവരാണ്. മറ്റു ചില കേസുകളിലാകട്ടെ, ഇറാന്റെ സുരക്ഷാ സേനയാല്‍ കൊല്ലപ്പെട്ട ചില പ്രതിഷേധക്കാരുടെ കുടുംബങ്ങളെ വിളിച്ചു വരുത്തി ഇറേനിയന്‍ സുരക്ഷാ സേനയല്ല തങ്ങളുടെ പ്രിയപ്പെട്ടവരെ കൊന്നതെന്നു പറയാന്‍ ഈ മാധ്യമ സ്ഥാപനം സമ്മര്‍ദം ചെലുത്തിയിരുന്നു. ഈ പ്രതിഷേധക്കാര്‍ ഇറാന് സൈന്യത്താല്‍ കൊല്ലപ്പെടുകയായിരുന്നില്ല, മറിച്ച് രോഗങ്ങളോ ആത്മഹത്യയോ മൂലം മരിച്ചതായി ഐആര്‍ഐബിയുടെ 8.30 സ്പെഷ്യല്‍ ന്യൂസ് ബുള്ളറ്റിനിലൂടെ വിളിച്ചു പറയണമെന്ന് ആ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ കുടുംബങ്ങളെ നിര്‍ബന്ധം ചെലുത്തി പറയിച്ചിരുന്നതായും അവള് എക്സില്‍ കുറിച്ചു.
സ്റ്റേറ്റ് ടിവിയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവവും അവര്‍ കുറിച്ചിട്ടുണ്ട്. അവര്‍ എന്നെ ക്യാമറയ്ക്കു മുന്നിലിരുത്തി. എന്നിട്ട് ഇങ്ങനെ ആവശ്യപ്പെട്ടു- ‘നിങ്ങള്‍ക്ക് ഇസ്രയേല്‍ പണം നല്കി എന്നു പറയുക’ ഇത്രയും പറഞ്ഞ് അവര്‍ ക്യാമറ കട്ട് ചെയ്തു. വീണ്ടും ‘നിങ്ങള്‍ക്ക് അമെരിക്ക പണം നല്കി എന്നു പറയുക’ എന്നു പറഞ്ഞ് അവര്‍ ക്യാമറ കട്ട് ചെയ്തു. എന്നാല്‍ ഞാന്‍ മുഴുവന്‍ സമയവും കരഞ്ഞതിനാല്‍ ആ വീഡിയോയില്‍ അവര്‍ക്കാവശ്യമായത് ലഭിച്ചില്ല. അതു കൊണ്ട് ആ വീഡിയോ സംപ്രേക്ഷണം ചെയ്തില്ല.
‘ഐആര്‍ഐബി ജനങ്ങളുടെ ശബ്ദമല്ലാത്തതിനാല്‍ എനിക്കു സന്തോഷമുണ്ട്. അത് ഭരിക്കുന്നവരുടെ ശബ്ദമായിരുന്നു. ശബ്ദമില്ലാത്തവരും എവിടെയും കേള്‍ക്കാത്തവരുമായ ഞങ്ങളില്‍ ഉള്ളവര്‍ അനുഭവിച്ച വേദന അവര്‍ അനുഭവിക്കും’ എന്നാണ് ഇറാനിലെ ഒരു വിമത മാധ്യമമായ ഇറാന് ഇന്റര്‍നാഷണലിന് ഒരു പൗരന് അയച്ച വോയിസ് ക്ലിപ്പ്.
അതേസമയം, ടിവി കേന്ദ്രം തകര്‍ന്നെങ്കിലും ഔദ്യോഗിക മാധ്യമത്തിന്റെ സംപ്രേഷണം ഇപ്പോഴും നിര്‍ബാധം തുടരുന്നുണ്ട്.