ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രായേലില്‍ ആക്രമണം നടത്തി തിരിച്ചടിച്ച് ഇറാന്. ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെല്‍അവിവിലും ജറുസലേമിലും സ്ഫോടനമുണ്ടായെന്നും ഇറാന് സൈനിക വക്താവ് അറിയിച്ചു. അതിശക്തമായ ആക്രമണമാണ് ഇസ്രായേലില്‍ നടന്നതെന്നും സേന അറിയിച്ചു.40 മിസൈലുകളാണ് ഹൈഫയില്‍ മാത്രം പതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിസൈലാക്രമണത്തില്‍ ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.
ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറനുകളാണ് മുഴങ്ങുന്നതെന്നും ഇസ്രായേലിന്റെ ഭൂരിഭാഗവും ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്.
അതേസമയം അമേരിക്കയിലും കനത്ത ജാഗ്രത തുടരുകയാണ്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരങ്ങളിലെ പ്രധാനസ്ഥാപനങ്ങളെല്ലാം നിരീക്ഷിച്ചുവരുകയാണ്. ഇറാന് തിരിച്ചടിക്കാനുള്ള സാധ്യത അമേരിക്ക മുന്‍കൂട്ടികാണുന്നുണ്ട്.
അതേസമയം, ആണവ കേന്ദ്രങ്ങളില്‍ റേഡിയേഷന് ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന് അറിയിച്ചു. ആക്രമണം ഫോര്‍ദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന് സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന് അറിയിച്ചു.