ഇറാൻ :ഇസ്രയേൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ തുറന്ന് ഇറാൻ. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചെന്ന് ഇറാൻ ദേശീയവാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പുലർച്ചെ അഞ്ച് മുതൽ വൈകീട്ട് ആറ് വരെമാത്രമാണ് സർവീസ്. ഇസ്രയേൽ ആക്രമണത്തിൽ കേടുപറ്റിയ ഇസ്ഫഹാൻ, തബ്രീസ് വിമാനത്താവളങ്ങൾ തുറന്ന് പ്രവർത്തിക്കില്ല. സാരമായ അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതിനാൽ അത് പൂർത്തിയാകുന്ന മുറയ്ക്ക് ഇവ പ്രവർത്തനമാരംഭിക്കുമെന്നും ഇർന റിപ്പോർട്ട് ചെയ്തു. 12 ദിവസത്തെ യുദ്ധത്തിനുശേഷം ജൂൺ 24-നാണ് ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്.
ഇറാനിൽ നിന്നുള്ള എണ്ണക്കയറ്റുമതിക്ക് യുഎസ് വ്യാഴാഴ്ച കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാഖിലെ വ്യവസായി സലീം അഹമ്മദിനെയും അദ്ദേഹത്തിന്റെ യുഎഇ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന എണ്ണക്കമ്പനിയെയുമാണ് ഉപരോധിച്ചത്. ഇറാഖി എണ്ണയെന്നപേരിൽ സലീമിന്റെ കമ്പനി ഇറാനിൽനിന്ന് എണ്ണ കള്ളക്കടത്ത് നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് യുഎസിന്റെ ഉപരോധ നടപടി.