ഖത്തർ :ഖത്തറിലെ യുഎസ് വാർത്താവിനിമയ കേന്ദ്രം ഇറാൻ തകർത്തതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിച്ചു. ജൂൺ 23 ന് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നടന്ന ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലാണ് ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിക്കുന്ന ജിയോഡെസിക് ഡോം തകർന്നുവീണത്. ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക പ്രസ്താവനകളുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തിൽ അസോസിയേറ്റഡ് പ്രസ് ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദോഹയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഈ താവളത്തിൽ യുഎസ് സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനമാണ് പ്രവർത്തിക്കുന്നത്.
15 ദശലക്ഷം യുഎസ് ഡോളർ ചിലവഴിച്ചു 2016-ലാണ് ഇത് സ്ഥാപിച്ചത്. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന്, പെന്റഗൺ വക്താവ് ഷോൺ പാർനെൽ റാഡോമിൽ ഒരു മിസൈൽ പതിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ നാശനഷ്ടങ്ങൾ വളരെ കുറവാണെന്നും ബേസിലെ പ്രവർത്തനങ്ങൾക്ക് യാതൊരു സ്വാധീനവുമില്ലെന്നും ഷോൺ പാർനെൽ പ്രസ്താവിച്ചു .