തെഹ്റാൻ: ഇസ്രയേലിനെതിരെ തിരിച്ചടിയുമായി ഇറാൻ. ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായി റിപ്പോർട്ട്. ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർസലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .തീരദേശ നഗരമായ ഹേർസിയയിൽ ഒരു എട്ടുനില കെട്ടിടത്തിന് മുകളിലും യാത്രക്കാരില്ലാത്ത ബസിലും മിസൈലുകൾ പതിച്ചെന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.
ഇസ്രയേലിലെ നിരവധി നഗരങ്ങളിൽ അപായ മുന്നറിയിപ്പായി സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുണ്ട് . ടെൽ അവീവിലും ഹെർസലയിലും നാലോളം മിസൈലുകൾ നേരിട്ട് പതിച്ചു. മിസൈലുകളും ചിതറിയ ഭാഗങ്ങളും ടെൽ അവീവിലും പരിസരങ്ങളിലും പതിച്ചതായി ഇസ്രയേലി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആൾ അപായമില്ല എന്നാണ് പറയുന്നത്. ടെൽ അവീവിന് സമീപമുള്ള ഡാൻ ജില്ലയിൽ മിസൈൽ ആക്രമണം ഉണ്ടായതായും തുടർന്ന് തീപിടിത്തം ഉണ്ടായതായും പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞതായും റിപ്പോർട്ട്.
ഇസ്രയേലിന് നേരെ ഇറാൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയതായി നേരത്തെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കിയിരുന്നു. ആളുകളോട് ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കാനും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാനും ഐഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.