യുഎസ്എ :ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എല്ലാവർക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു.
വാഷിങ്ടൻ ഖത്തറിലെ അൽ ഉദൈദ് സൈനിക താവളം ഇറാൻ ആക്രമിച്ചെന്ന് യുഎസ് സ്‌ഥിരീകരിച്ചു. ആക്രമണത്തെ കുറിച്ച് ഇറാൻ നേരത്തേ വിവരം നൽകിയെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനിക താവളം നേരത്തെ ഒഴിപ്പിച്ചതിനാൽ ആൾനാശമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്നും സമാനമായി ഇസ്രയേലിനെയും താൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു.