സാധാരണക്കാർക്ക് കുറഞ്ഞ തുക നിക്ഷേപിച്ച് കൂടുതൽ വരുമാനം നേടിയെടുക്കാൻ സുരക്ഷിതമായൊരു ഇടമാണ് പോസ്റ്റ് ഓഫീസ്. ബാങ്കിനെക്കാൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന നിരവധി പോസ്റ്റ് ഓഫീസ് സ്കീമുകളുണ്ട്. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ ഇവയിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്.
പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം (ആർഡി). എല്ലാ മാസവും 100 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് ഈ സ്കീമിന്റെ ഏറ്റവും വലിയ സവിശേഷത. കോമ്പൗണ്ടിംഗ് ഫീച്ചറാണ് ഈ നിക്ഷേപത്തെയും ഇരട്ടിയാക്കുന്നത്. സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ പദ്ധതിയാണ് തിരയുന്നതെങ്കിൽ, പോസ്റ്റ് ഓഫീസ് ആർഡി സ്‌കീം വളരെ അനുയോജ്യമാണ്. ചെറുകിട, ഇടത്തരം വരുമാനക്കാർക്ക് ക്രമേണയും സുരക്ഷിതമായും സാമ്പത്തിക ഭദ്രത കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു വിശ്വസനീയമായ സ്കീമാണ്.
മാസം 100 രൂപ മുതൽ നിക്ഷേപിക്കാം
മാസം 100 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു നിശ്ചിത പലിശ നിരക്ക് ലഭിക്കും. കേന്ദ്ര സർക്കാർ പദ്ധതി ആയതുകൊണ്ട് പണം നഷ്ടമാകുമെന്ന ഭയം വേണ്ട. ആദായ നികുതി നിയമം 1961 -ന്റെ സെക്ഷൻ 80സി പ്രകാരം ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും നിക്ഷേപകർക്ക് ആസ്വദിക്കാം. നിക്ഷേപത്തിന്മേൽ ആവശ്യഘട്ടങ്ങളിൽ വായ്പ ലഭിക്കുമെന്നതും നേട്ടമാണ്. ചില നിബന്ധനകൾക്ക് വിധേയമായി നിക്ഷേപം അകാലത്തിൽ പിൻവലിക്കാനും ഓപ്ഷനുണ്ട്. നിക്ഷേപത്തിൽ മേൽ പരമാവധി നേട്ടം ലഭിക്കാൻ തവണകൾ മുടങ്ങാതെ ശ്രദ്ധിക്കണം.
നിക്ഷേപ കാലാവധിയും പലിശ നിരക്കും
5 വർഷം, 6 വർഷം, 7 വർഷം, 8 വർഷം, 9 വർഷം അല്ലെങ്കിൽ 10 വർഷം വരെ നിക്ഷേപ കാലാവധികൾ ലഭ്യമാണ്. കുറഞ്ഞ നിക്ഷേപം 5 വർഷമാണ്. നിലവിൽ ആർഡി നിക്ഷേപങ്ങൾ സാധാരണ പൗരന്മാർക്ക് പ്രതിവർഷം 6.7 ശതമാനം പലിശ വാഗ്‌ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം അര ശതമാനം അധിക പലിശ കിട്ടും. പലിശ നിരക്ക് സർക്കാർ ഓരോ മൂന്ന് മാസത്തിലും അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യുന്നു.
ആർഡി അക്കൗണ്ട് എങ്ങനെ തുറക്കാം
ഒരു ആർഡി അക്കൗണ്ട് തുടങ്ങുകയെന്നതു വളരെ ലളിതമാണ്. അതിനായി അടുത്തുള്ള ഏതൊരു പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിക്കുക. ഉപയോക്താവിന്റെ ആധാർ കാർഡ്, പാൻ കാർഡ്, വിലാസത്തിന്റെ തെളിവ്, ചെക്ക് അല്ലെങ്കിൽ നിക്ഷേപിക്കാനുള്ള പണം (ആദ്യ തവണ) എന്നിവ നൽകി അക്കൗണ്ട് തുറക്കാം.