വെറും 50 രൂപ മാറ്റിവച്ച് ലക്ഷങ്ങൾ നേടാമെന്ന് പറഞ്ഞാൽ തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ തമാശയായി തള്ളിക്കളയേണ്ട. പോസ്റ്റ് ഓഫീസ് സ്കീമിലൂടെ വെറും 50 രൂപ ഉപയോഗിച്ച് ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. ദിവസം വെറും 50 രൂപ നീക്കിവച്ചുകൊണ്ട് 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം രൂപയിലധികം നേടാൻ കഴിയുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുരക്ഷിത നിക്ഷേപമാണിത്. ചെറിയ തുക മാറ്റിവച്ച് വലിയൊരു സമ്പാദ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായൊരു സ്കീം ആണിത്.
50 രൂപ മാറ്റിവച്ച് 1 ലക്ഷം നേടാം
പ്രതിദിനം 50 രൂപ നീക്കിവച്ചാല്‍, 5 വര്‍ഷം കൊണ്ട് 1,07,050 രൂപ നേടാന്‍ സാധിക്കും. ദിവസം 50 രൂപയ്ക്കു പകരം 100 രൂപ നീക്കിവച്ചാൽ 5 വര്‍ഷം കൊണ്ട് 2,14,097 രൂപ സമ്പാദിക്കാന്‍ സാധിക്കും. 1,500 രൂപ വീതമാണ് പ്രതിമാസം നിക്ഷേപിക്കുന്നതെങ്കില്‍, 5 വര്‍ഷ ത്തെ നിക്ഷേപം 90,000 രൂപയോളമാകും. നിങ്ങള്‍ക്ക് പലിശയായി കിട്ടുന്നത് 17,050 രൂപയാണ്.
പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് ഒരു തരം സേവിങ്സ് സ്കീമാണ്, അവിടെ ഓരോ മാസവും ഒരു നിശ്ചിത തുക ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കുന്നു. കാലക്രമേണ, ഈ തുക പലിശയോടൊപ്പം വളരുന്നു, കാലാവധി പൂർത്തിയാകുമ്പോൾ ഒരു വലിയ തുക തിരികെ ലഭിക്കുന്നു.
വായ്പാ സൗകര്യം
പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്കീം നിലവില്‍ പ്രതിവര്‍ഷം ഏകദേശം 6.7% പലിശ നിരക്ക് നൽകുന്നുണ്ട്. മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിര നിക്ഷേപങ്ങളെയും, മറ്റ് നിക്ഷേപ പദ്ധതികളെയും അപേക്ഷിച്ച് വളരെ ആകര്‍ഷകമായ ഓപ്ഷനാണ്. ഈ സ്കീം നിക്ഷേപകര്‍ക്ക് വായ്പസൗകര്യവും നൽകുന്നുണ്ട്. മുടക്കമില്ലാതെ കുറഞ്ഞത് 12 തവണകളെങ്കിലും നിക്ഷേപം നടത്തിയവര്‍ക്ക് മാത്രമാകും വായ്പ ലഭിക്കുക. മൊത്തം നിക്ഷേപത്തിന്റെ 50% വരെയാകും വായ്പ ലഭിക്കുക.
നിക്ഷേപ കാലാവധി
5 വര്‍ഷമാണ് സ്കീമിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, 5 വര്‍ഷത്തേയ്ക്കു കൂടി നിക്ഷേപം വര്‍ധിപ്പിക്കാനാകും. ആവശ്യമെങ്കില്‍ 3 വര്‍ഷത്തിനു ശേഷം നിക്ഷേപം പിന്‍വലിക്കാനും സാധിക്കും. പക്ഷെ ഇത്തരം അകാല പിന്‍വലിക്കലുകള്‍ പലിശയെ ബാധിക്കും. കാരണം ഇത്തരം പിന്‍വലിക്കലുകളില്‍ പലിശ കണക്കാക്കുക സേവിംഗ്സ് അക്കൗണ്ട് നിരക്കിലാകും.