അന്താരാഷ്ട്ര ബഹിരാകാശ നിലയം നാളെ കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. നാളെ പുലര്‍ച്ചെ 5.50 മുതല്‍ 5.57 വരെ വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും ബഹിരാകാശ നിലയം കടന്നു പോകുക . തെളിഞ്ഞ ആകാശത്ത് മാത്രമേ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുകയുള്ളു.
400 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഒരു ദിവസം 15 തവണയിലധികം നിലയം ഭൂമിയെ വലംവയ്ക്കുന്നുണ്ട്. ഒരു ഫുട്ബോള്‍ സ്‌റ്റേഡിയത്തിന്റെ വലിപ്പമുളള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റര്‍ നീളവും 72 മീറ്റര്‍ വീതിയുമാണുളളത്. 4.5 ലക്ഷം കിലോഗ്രാമാണ് ഭാരം.
കഴിഞ്ഞ ദിവസം ശുഭാന്‍ഷു ശുക്ലയുള്‍പ്പെടെയുളള ബഹിരാകാശ സഞ്ചാരികൾ തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) ഡല്‍ഹിയുടെ ആകാശത്ത് ദൃശ്യമായിരുന്നു. ഡല്‍ഹിയിലെ സൈനിക് ഫാമുകള്‍ക്ക് മുകളിലാണ് ബഹിരാകാശ നിലയം വ്യക്തമായി കാണാൻ സാധിച്ചത് .