ബി. സൗപർണിക
ബോളിവുഡിലെ സാമൂഹ്യപ്രതിബദ്ധതയുള്ള താരങ്ങളിലൊരാളാണ് അക്ഷയ് കുമാര്‍. തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ രാജുവിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം ഇന്ത്യയിലുടനീളമുള്ള 650ഓളം സ്റ്റണ്ട് താരങ്ങള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കി. താരത്തിന്റെ പ്രവൃത്തിയെ സ്റ്റണ്ട് താരങ്ങളും അവരുടെ കുടുംബാംഗങ്ങളും ചലച്ചിത്രലോകവും മാത്രമല്ല, ചലച്ചിത്രപ്രേമികളും കൈയടിയോടെയാണ് സ്വീകരിച്ചത്.
പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ആര്യ നായകനായ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട് മാസ്റ്റര്‍ രാജു ജീവഹാനിക്കിരയായത്. കാര്‍ ചേയ്‌സിങ് സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന്, സ്റ്റണ്ട് മേഖലയില്‍ ജോലി ചെയ്യുന്നവരെയും അവരുടെ സുരക്ഷയെയുംകുറിച്ച് വലിയ ചര്‍ച്ചയാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവന്‍ പണയംവച്ച്, കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സ്റ്റണ്ട് താരങ്ങള്‍ക്കായി അക്ഷയ് കുമാര്‍ ഇങ്ങനെയൊരു നന്മനിറഞ്ഞ പ്രവൃത്തി ചെയ്യുന്നത്.
ഇന്ത്യയിലുടനീളമുള്ള 650ഓളം സ്റ്റണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാരെയും വനിതകളെയുമാണ് അക്ഷയ് കുമാര്‍ ഇന്‍ഷ്വര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ മേഖലയിലെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനായി സൂപ്പര്‍താരം നടത്തിയ ചുവടുവയ്പ് മാതൃകയായി മാറിയെന്ന് ചലച്ചിത്രലോകം പറയുന്നു.
അക്ഷയ് കുമാറിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ആരോഗ്യ, അപകട പരിരക്ഷയും ഉള്‍പ്പെടുന്നു. ബോളിവുഡിലെ ഏകദേശം 650 മുതല്‍ 700 വരെ സ്റ്റണ്ട്മാന്‍മാരും ആക്ഷന്‍ ക്രൂ അംഗങ്ങളും ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ഒരു സ്റ്റണ്ട് പെര്‍ഫോമര്‍ക്ക് പരിക്കേറ്റാല്‍, അത് സെറ്റിലായാലും പുറത്തായാലും, അവര്‍ക്ക് 5 മുതല്‍ 5.5 ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭിക്കുന്നതാണ് പദ്ധതി.
ഉയര്‍ന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിലാണ് സ്റ്റണ്ട് പെര്‍ഫോമര്‍മാര്‍ ജോലി ചെയ്യുന്നത്. സുരക്ഷാനടപടികള്‍ കുറവും സാമ്പത്തിക പരിരക്ഷകുറവുമാണ് ഈ മേഖലയിലുള്ളവര്‍ അനുഭവിക്കുന്നത്. ആക്ഷന്‍ മേഖലയിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സുകളോ അപകട ഇന്‍ഷുറന്‍സുകളോ ലഭ്യമല്ലാത്തതിനാല്‍, ജോലിസ്ഥലത്ത് പരിക്കോ, മരണമോ ഉണ്ടായാല്‍ അവരും അവരുടെ കുടുംബങ്ങളും ദുര്‍ബലരാകുന്നതിന് പരിഹാരമാകും അക്ഷയ്കുമാറിന്റെ നടപടി.