ബാരാമുള്ള: ജമ്മു കശ്മീരിലെ ഉറിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നടന്ന വെടിവയ്പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഉറി പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള 16 സിഖ് ലൈറ്റ് ഇൻഫൻട്രി (09 ബിഹാർ അഡ്വാൻസ് പാർട്ടി) യുടെ കീഴിലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ഒരു സൈനിക പോസ്റ്റിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും, ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയും നുഴഞ്ഞുകയറ്റ ശ്രമം തകർക്കുകയും ചെയ്തു. തുടർന്ന്, ഇരുട്ടിന്റെ മറവിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം തിരിച്ചടിച്ചപ്പോൾ ഹവിൽദാർ അങ്കിത്, സിപ്പായി ബാനോത്ത് അനിൽ കുമാർ എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബാരാമുള്ളയിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി ഇന്ത്യൻ സൈന്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
വീരമൃത്യു വരിച്ച സൈനികർക്ക് ഇന്ത്യൻ സൈന്യം ആദരാഞ്ജലി അർപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ സന്ദേശം ആർമിയുടെ ഔദ്യോഗിക അക്കൗണ്ട് പോസ്റ്റ് ചെയ്തു. “ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഡ്യൂട്ടിക്കിടെ ജീവൻ ബലിയർപ്പിച്ച ശിപായി ബനോത്ത് അനിൽ കുമാറിന്റെ പരമോന്നത ത്യാഗത്തിന് ജനറൽ ഉപേന്ദ്ര ദ്വിവേദി, ഇന്ത്യൻ സൈന്യത്തിലെ എല്ലാ റാങ്കുകളും അഭിവാദ്യം അർപ്പിക്കുന്നു. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ ഇന്ത്യൻ സൈന്യം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും വിയോഗത്തിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.” എന്നാണ് കുറിപ്പ്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണത്തെ തുടർന്ന് ഓഗസ്റ്റ് ഒന്നിന് ദക്ഷിണ കശ്മീരിലെ അഖൽ വനമേഖലയിൽ സുരക്ഷാ സേന നടത്തിയ ‘ഓപ്പറേഷൻ അഖൽ’ ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷൻ ഒൻപതാം ദിവസം പിന്നിട്ടപ്പോൾ ലാൻസ് നായിക് പ്രിത്പാൽ സിംഗ്, സിപ്പായി ഹർമിന്ദർ സിംഗ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേന അഞ്ചിലധികം ഭീകരരെ വധിക്കുകയും ചെയ്തു. ശ്രീനഗറിലെ ദച്ചിഗാം പ്രദേശത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ വകവരുത്തിയതിന് പിന്നാലെയാണ് ‘ഓപ്പറേഷൻ അഖൽ’ ആരംഭിച്ചത്. ഇതിന് ശേഷം ജൂലൈ 29-ന് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ ശിവ് ശക്തി’ നടത്തുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.