ഓവല്‍ ടെസ്റ്റിലെ ജയത്തിനു ശേഷമുള്ള ഇന്ത്യന്‍ കോച്ചിങ് സ്റ്റാഫുകളുടെ ആഹ്ലാദപ്രകടനം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ അതിവൈകാരികമായാണ് ഓവല്‍ ജയം ആഘോഷിച്ചത്. ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കലിനെ വാരിപ്പുണര്‍ന്ന് ഗംഭീര്‍ ആഹ്ലാദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ അറിയാം ഇന്ത്യന്‍ പരിശീലകനു ഈ ജയം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്.
ഒരുപക്ഷേ ഓവലില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ ഇന്ന് ഗംഭീറിന്റെ പരിശീലകസ്ഥാനം വലിയൊരു ചോദ്യചിഹ്നമായേനെ ! ഓവലിലെ ജയം അക്ഷരാര്‍ത്ഥത്തില്‍ ഗംഭീറിനു ‘ജീവവായു’ നല്‍കിയിരിക്കുകയാണ്. 2024 ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഗൗതം ഗംഭീറിനു നറുക്കുവീണത്. ഗംഭീര്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു ജയിച്ചു. ഇന്ത്യയെ സംബന്ധിച്ചിടുത്തോളം ടെസ്റ്റ് ഫോര്‍മാറ്റില്‍ ബംഗ്ലാദേശ് ഒരു വെല്ലുവിളിയേ അല്ലായിരുന്നു, പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍. എന്നാല്‍ ഈ പരമ്പര ഒഴിച്ചുനിര്‍ത്തിയാല്‍ ഗംഭീറിന്റെ പരിശീലന കാലയളവില്‍ ഒരു പരമ്പര പോലും ഇന്ത്യ സ്വന്തമാക്കിയിട്ടില്ല.
12 വര്‍ഷത്തിനു ശേഷം ഇന്ത്യ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര കൈവിട്ടു എന്ന മോശം റെക്കോര്‍ഡ് ഗംഭീറിന്റെ പരിശീലന കാലയളവിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം ഗംഭീറിനു വലിയ നാണക്കേടുണ്ടാക്കി. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ മൂന്നിലും ജയം ന്യൂസിലന്‍ഡിന്. ബെംഗളൂരുവില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 46 നു ഓള്‍ഔട്ട് ആയത് നാണക്കേടിന്റെ ഭാരം ഇരട്ടിയാക്കി. വിരാട് കോലിയും രോഹിത് ശര്‍മയും ഉണ്ടായിട്ടും ന്യൂസിലന്‍ഡിനു വെല്ലുവിളിയാകാന്‍ ഇന്ത്യക്ക് ഒരിക്കല്‍ പോലും സാധിച്ചില്ല.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി ജയിച്ച് ഇന്ത്യ ഗംഭീറിനു ആശ്വാസം പകര്‍ന്നെങ്കിലും പിന്നീട് നടന്ന നാല് ടെസ്റ്റില്‍ മൂന്നിലും ഓസ്‌ട്രേലിയ ജയിച്ചു, ഒരു കളി സമനിലയുമായി. ഓസ്‌ട്രേലിയ 3-1 നു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനൊപ്പം ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ പുറത്താകുകയും ചെയ്തു.
ടെസ്റ്റില്‍ ഇന്ത്യക്ക് മറ്റൊരു പരിശീലകന്‍ വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയ സമയത്താണ് ഇംഗ്ലണ്ടിനെതിരായ പരമ്പര നടക്കുന്നത്. ഇംഗ്ലണ്ടില്‍ കൂടി നാണംകെട്ടാല്‍ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനും ഇളക്കം തട്ടുമെന്നായി. എന്നാല്‍ പരമ്പര 2-2 നു അവസാനിച്ചതോടെ ഗംഭീറിനു ആശ്വസിക്കാം.