ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ മുഹൂര്‍ത്തം. ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവരുമായി ആക്‌സിയം4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയത്തില്‍ വിജയകരമായി ഡോക്ക് ചെയ്തത്. നിലയവും ഡ്രാഗണ്‍ പേടകവും തമ്മില്‍ കൂടിച്ചേര്‍ന്നതോടെയാണ് ഡോക്കിങ് പ്രക്രീയ പൂര്‍ത്തിയായത്. ഇരു പേടകങ്ങളിലെയും മര്‍ദവും മറ്റും ഏകീകരിക്കുന്ന ഹാര്‍ഡ് ക്യാപ്ചര്‍ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ യാത്രികര്‍ ഡ്രാഗണ്‍ പേടകത്തില്‍നിന്ന് നിലയത്തിലേക്കു പ്രവേശിച്ചു.
28.5 മണിക്കൂര്‍ നീളുന്ന യാത്രയ്‌ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. ആക്‌സിയം സ്‌പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങള്‍ക്ക് ലോകമാകെ സാക്ഷ്യം വഹിച്ചു.

14 ദിവസമാണ് സംഘം നിലയത്തില്‍ കഴിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തുക. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളില്‍ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികര്‍. ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 കുതിച്ചുയര്‍ന്നതു യുഎസിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു. ശുഭാംശു ശുക്ലയായിരുന്നു പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍.