പാക്കിസ്ഥാനൊപ്പം കളിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ തറപ്പിച്ചു പറഞ്ഞു; കാരണം ഈ താരം…

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് സെമി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത് കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് ആരാധകര്‍ക്കു നിരാശ. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറി. പാക്കിസ്ഥാന്‍ നേരിട്ടു ഫൈനലിലേക്ക് ! 

ഇന്ത്യയുടെ പിന്മാറ്റത്തിനു കാരണം? 

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്ന് അന്നും ഇന്ത്യ നിലപാടെടുത്തു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം അനുവദിക്കുകയായിരുന്നു. എന്നാല്‍ നോക്ക്ഔട്ട് സ്റ്റേജിലും ഇന്ത്യക്ക് പാക്കിസ്ഥാന്‍ തന്നെ എതിരാളിയായി എത്തി. സെമി ഫൈനല്‍ മത്സരമായതിനാല്‍ ഇന്ത്യ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പല താരങ്ങളും വിസമ്മതം അറിയിച്ചു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളായത്. ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ ഇന്ത്യ പാക്കിസ്ഥാനില്‍ തിരിച്ചടി നടത്തി. രണ്ട് രാജ്യങ്ങളും യുദ്ധത്തിന്റെ വക്കോളമെത്തിയതാണ്. ഈ സംഭവവികാസങ്ങളാണ് ക്രിക്കറ്റിനെയും ബാധിച്ചത്. പാക്കിസ്ഥാന്‍ താരങ്ങളുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറല്ലെന്നാണ് ഇന്ത്യയിലെ പല താരങ്ങളുടെയും നിലപാട്. പാക്കിസ്ഥാനെതിരായ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ബിസിസിഐയുടെയും തീരുമാനം. 

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് കളിക്കുന്ന യുവരാജ് സിങ്, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ പാക്കിസ്ഥാനെതിരായ സെമി മത്സരം കളിക്കേണ്ട എന്ന നിലപാടെടുത്തു. ഇതോടെയാണ് മത്സരം റദ്ദാക്കിയത്. 

കാരണം അഫ്രീദിയും? 

പാക്കിസ്ഥാനെതിരെ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനൊപ്പം പാക്കിസ്ഥാന്‍ ടീമിലെ ഷാഹിദ് അഫ്രീദിക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ശക്തമായ വികാരമുണ്ട്. അഫ്രീദി തുടര്‍ച്ചയായി ഇന്ത്യയെ പരിഹസിക്കുന്നു എന്നാണ് ഇന്ത്യന്‍ താരങ്ങളുടെ വിമര്‍ശനം. അഫ്രീദിയുടെ സാന്നിധ്യത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടന്നാല്‍ അത് കൂടുതല്‍ പ്രശ്‌നമാകുമെന്ന് കരുതുന്ന ഇന്ത്യന്‍ താരങ്ങളും ഉണ്ട്. 

സെമി ഫൈനലിനു തൊട്ടുമുന്‍പും അഫ്രീദി ഇന്ത്യയെ പരിഹസിച്ചതും പ്രകോപനമായി. ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെ നേരിടുകയെന്നും ആ സമയത്ത് അവരുടെ മുഖഭാവം എന്തായിരിക്കുമെന്നുമായിരുന്നു അഫ്രീദിയുടെ പരിഹാസം. ‘എനിക്ക് അറിയില്ല, ഞങ്ങളുമായി കളിക്കുമ്പോള്‍ അവരുടെ മുഖഭാവം എന്തായിരിക്കുമെന്ന്. എന്തായാലും അവസാനം അവര്‍ക്കു ഞങ്ങള്‍ക്കൊപ്പം കളിക്കേണ്ടിവരും,’ എന്നാണ് അഫ്രീദി പറയുന്നത്. അഫ്രീദിയുടെ വാക്കുകള്‍ ചര്‍ച്ചയായതിനു തൊട്ടുപിന്നാലെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയത്. 

ഫൈനല്‍ 

ഫൈനല്‍ ഉറപ്പിച്ച ആദ്യ ടീമായി പാക്കിസ്ഥാന്‍. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക vs ഓസ്‌ട്രേലിയ പോരാട്ടത്തില്‍ രണ്ടാമത്തെ ടീമിനെ അറിയാം. ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിന് എഡ്ജ്ബാസ്റ്റണില്‍ ആണ് ഫൈനല്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *