‘ജഡേജയും സുന്ദറും സെഞ്ചുറിയടിക്കരുത്’, ‘മാന്യത’ വിട്ട് സ്റ്റോക്‌സ്; മാഞ്ചസ്റ്റര്‍ ഡ്രാമ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തില്‍ കണ്ടത് ‘ശീതയുദ്ധം’. ഇന്നിങ്‌സ് ജയം സ്വപ്‌നം കണ്ട ഇംഗ്ലണ്ടിനു രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് അപ്രതീക്ഷിത ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ നല്‍കി. ഇതില്‍ അസ്വസ്ഥനായ സ്റ്റോക്ക് ഇന്ത്യന്‍ താരങ്ങളുടെ സെഞ്ചുറി നഷ്ടപ്പെടുത്താന്‍ ‘പൂഴിക്കടകന്‍’ പ്രയോഗിച്ചു.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായ 311 റണ്‍സിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് അഞ്ചാം ദിനം അവസാനിപ്പിച്ച് മത്സരം സമനിലയായത്. കെ.എല്‍.രാഹുല്‍ (230 പന്തില്‍ 90), നായകന്‍ ശുഭ്മാന്‍ ഗില്‍ (238 പന്തില്‍ 103) എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ജയം സ്വപ്‌നം കണ്ടുതുടങ്ങി. ഗില്‍ പുറത്താകുമ്പോള്‍ ഇന്ത്യ 222-4 എന്ന നിലയിലായിരുന്നു. ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ അപ്പോള്‍ വേണ്ടിയിരുന്നത് ആറ് വിക്കറ്റ് ശേഷിക്കെ 90 റണ്‍സ്. എന്നാല്‍ അവിടെയാണ് വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും ചേര്‍ന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റിനെ ഒരു ത്രില്ലര്‍ സിനിമ പോലെയാക്കിയത്.

ജഡേജയും സുന്ദറും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ ക്ഷമ പരീക്ഷിച്ചു. ഇരുവരെയും പുറത്താക്കാന്‍ സാധിക്കാതെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ അസ്വസ്ഥരായി. ഒടുവില്‍ അഞ്ചാം ദിനം അവസാനിപ്പിക്കാന്‍ 15 ഓവര്‍ കൂടി ശേഷിക്കെ സമനിലയില്‍ പിരിയാന്‍ ബെന്‍ സ്റ്റോക്‌സ് അംപയറോടു ആവശ്യപ്പെട്ടു.

ക്ഷമ നശിച്ച ഇംഗ്ലണ്ട് നായകന്‍ കളി അവസാനിപ്പിക്കണമെന്ന് ജഡേജയോട് ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സെഞ്ചുറിക്ക് അരികില്‍ നില്‍ക്കുന്ന ജഡേജയും സുന്ദറും അതിനു തയ്യാറാകുന്നില്ല. വിദേശത്ത് സെഞ്ചുറി നേടാനുള്ള താരങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റും തയ്യാറായില്ല. ഒടുവില്‍ ബെന്‍ സ്‌റ്റോക്‌സ് ജഡേജയെ സ്ലെഡ്ജ് ചെയ്തു തുടങ്ങി.

‘ ജഡു, ഹാരി ബ്രൂക്കിനെതിരെയും ബെന്‍ ഡക്കറ്റിനെതിരെയും റണ്‍സെടുത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?,’ സ്റ്റോക്സ് ചോദിക്കുന്നു. ‘ നിനക്ക് എന്താണ് വേണ്ടത്? ഒന്ന് പോയി കളിക്കൂ,’ എന്ന് ജഡേജ മറുപടി കൊടുത്തു. നിങ്ങള്‍ പരസ്പരം ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയാല്‍ മത്സരം അവസാനിപ്പിക്കാമെന്നാണ് ജഡേജയോടു മറ്റൊരു ഇംഗ്ലണ്ട് താരം സാക് ക്രൗലി പറയുന്നത്. കളി അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ സമ്മതിക്കാത്തതിനാല്‍ ഇംഗ്ലണ്ട് ബൗളിങ് തുടരണമെന്ന് അംപയര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യന്‍ താരങ്ങളെ വിലകുറച്ച് കാണുകയാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലാണ് ബെന്‍ സ്റ്റോക്‌സ് പിന്നീട് കളി തുടര്‍ന്നത്. പാര്‍ട് ടൈം ബൗളര്‍മാരായ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയും മാത്രം ബൗള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചു. പലപ്പോഴും ക്യാപ്റ്റന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഹാരി ബ്രൂക്ക് ഫുള്‍ ടോസുകള്‍ തുടര്‍ച്ചയായി എറിഞ്ഞു. ഒടുവില്‍ ജഡേജയും സുന്ദറും സെഞ്ചുറി നേടി, മത്സരം സമനിലയില്‍ പിരിഞ്ഞു.

മത്സരശേഷവും ചില നാടകീയ രംഗങ്ങള്‍ ഉണ്ടായി. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യന്‍ താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ തയ്യാറായില്ല. സ്വന്തം ടീം അംഗങ്ങള്‍ക്കു സ്റ്റോക്‌സ് കൈ കൊടുക്കുകയും ജഡേജയെയും സുന്ദറിനെയും ഒഴിവാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *