അധിക തീരുവയിൽ ആടിയുലഞ്ഞ് ഇന്ത്യാ-യുഎസ് ബന്ധം; പ്രധാനമന്ത്രി ചൈനയിലേക്ക്

അധിക തീരുവയുടെ പേരിൽ ഇന്ത്യാ യു എസ് ബന്ധം സങ്കീർണമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കും. 2020ലെ ഗൽവാൻ താഴ്‌വര സംഘർഷത്തിനുശേഷം മോദിയുടെ ആദ്യ ചൈനാ സന്ദർശനമാണിത്. നേരത്തെ ഇന്ത്യയ്ക്ക് മേൽ 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം രാജ്യാന്തര തലത്തിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കാണ് വഴിതുറക്കുന്നത്.

ഉച്ചകോടിക്ക് മുൻപ്, പ്രധാനമന്ത്രി ഓഗസ്റ്റ് 30ന് ജപ്പാൻ സന്ദർശിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലും പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ ചൈനയിലേക്ക് പോകുന്നത്. ഉച്ചകോടിക്കിടെ  ഷി ചിന്‍പിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. കഴിഞ്ഞ വര്‍ഷം കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

അതിര്‍ത്തിയിലെ സമാധാന ശ്രമങ്ങള്‍ക്ക്  കരുത്തുപകരാന്‍ മോദിയുടെ ചൈനീസ് സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഡോളർ ആധിപത്യത്തെ വെല്ലുവിളിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്‌ സി ഒ. ഇന്ത്യ, ചൈന രാജ്യങ്ങൾക്കു പുറമെ റഷ്യയും എസ്‌സിഒയുടെ ഭാഗമാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50 ശതമാനം അധിക തീരുവ നടപ്പിലാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി ഉച്ചകോടയിൽ ചർച്ചയാകും. ഡൊണൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങളെ ലക്ഷ്യം വച്ച് കടുത്ത നടപടികളിലേക്ക് കടക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനമെന്നത് ശ്രദ്ധേയമാണ്. 

ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുക്കുമോ എന്ന്  വ്യക്തമല്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റഷ്യയുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമോ എന്നത് നിർണായകമാണ്. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങി വിഷയങ്ങളാണ് പ്രധാനമായും ഉച്ചകോടിയിൽ ചർച്ചയാവുക. ഇന്ത്യ-ചൈന ബന്ധത്തിൽ സ്ഥിരതയും സംഭാഷണങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കും. ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി അനൗപചാരിക കൂടിക്കാഴ്ചകൾക്ക് സാധ്യത.

അമേരിക്കയുമായുള്ള ബന്ധത്തിൽ സാരമായ വിള്ളലുണ്ടാകുന്നു എന്ന സൂചന തന്നെയാണ് കഴിഞ്ഞ ദിവസത്തെ കേന്ദ്രസർക്കാറിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്രം വിമർശിച്ചത്.  നടപടി അങ്ങേയറ്റം ദൗർഭാഗ്യകര ആണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. 

അമേരിക്ക നേരത്തേ ചുമത്തിയ 25 ശതമാനത്തിനു പുറമെയാണ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവ കൂടി ചുമത്താൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50 ശതമാനമായി. അടുത്ത 21 ദിവസത്തിനുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.

പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇരു രാജ്യങ്ങൾക്കും നിലവിൽ അൻപത് ശതമാനമാണ് തീരുവ.  ബ്രസീസിലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. സ്വിറ്റ്സർലൻഡിന് 39 ശതമാനവും കാനഡയ്ക്ക് 35 ശതമാനവും ചൈനയ്ക്ക് 30 ശതമാനവും തീരുവ ചുമത്തുന്നുണ്ട്. ചൈനയ്ക്ക് ചുമത്തിയ തീരുവയിൽ 90 ദിവസത്തിന്റെ സാവകാശം അമേരിക്ക നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *