വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസങ്ങളുമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിനു പിന്നിലെ കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.
‘’ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും അവരുടെ തീരുവ വളരെ ഉയർന്നതാണ്. വർഷങ്ങളായി അവരുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നാണ് ഇന്ത്യയുടേത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ വ്യാപാര തടസ്സങ്ങളും അവർക്കുണ്ട്. ഇന്ത്യയുടെ സൈനിക ഉപകരണങ്ങളുടെ വലിയൊരു ഭാഗം അവർ ഇപ്പോഴും റഷ്യയിൽ നിന്നാണു വാങ്ങുന്നത്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഈ സമയത്തും ചൈനയ്‌ക്കൊപ്പം റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യയാണ്. ഇതൊന്നും നല്ല. അതിനാൽ, ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25% തീരുവയും റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നൽകേണ്ടി വരും,’’ ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
റഷ്യയോട് വീണ്ടും ട്രംപ് ദേഷ്യപ്പെടാൻ കാരണമെന്താണ്?
യുക്രെയ്‌നെതിരെയുള്ള യുദ്ധം 10 – 12 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് റഷ്യയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇതിനോട് പ്രതികരിച്ചില്ല. മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് കടുത്ത ഭാഷയിലാണ് ട്രംപിന്റെ വാക്കുകളോട് പ്രതികരിച്ചത്. ട്രംപിന്റെ വെല്ലുവിളികളും അന്ത്യശാസനങ്ങളും ചിലപ്പോൾ, റഷ്യയും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പൊട്ടിത്തെറി. റഷ്യയിൽ നിന്ന് എണ്ണ (ക്രൂഡ് ഓയിൽ) ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് പിഴ ചുമത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
യുഎസിന്റെ താരിഫ് ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കും?
പുതിയ താരിഫ് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യന്‍ ഉൽപന്നങ്ങള്‍ക്ക് യു.എസ് വിപണിയില്‍ വില കൂടും. വസ്ത്രങ്ങള്‍, മരുന്നുകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, പെട്രോകെമിക്കല്‍ ഉൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ, തുകല്‍ ഉൽപന്നങ്ങള്‍, ഓട്ടോമൊബൈൽ തുടങ്ങിയ അനേകം മേഖലയിലെ ഉൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കും. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കിന് 0.20% വരെ ഇടിവ് സംഭവിക്കാമെന്നും രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.