ഇംഗ്ലണ്ട് 465ന് പുറത്ത്; രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആറു റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ് ഭേദപ്പെട്ട തുടക്കം കുറിച്ചു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടീമിനിപ്പോള്‍ 96 റണ്‍സ് ലീഡായി. 47 റണ്‍സുമായി കെ.എല്‍ രാഹുലും ആറു റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 83 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഒലി പോപ്പിന്റെ സെഞ്ചുറിയും സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഹാരി ബ്രൂക്കിന്റെയും അര്‍ധ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിന്റെയും ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനെ 465-ല്‍ എത്തിച്ചത്.
ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാക് ക്രോളിയെ (4) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബെന്‍ ഡെക്കറ്റ്-ഒലി പോപ്പ് സഖ്യം 122 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 62 റണ്‍സെടുത്ത ഡക്കറ്റിനെ ഒടുവില്‍ ബുംറ മടക്കി. പോപ്പും ജോ റൂട്ടും (28) മൂന്നാംവിക്കറ്റില്‍ 80 റണ്‍സ് ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *