ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തി കാട്ടിയ ആരോപണങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ പിന്തുണ. പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം ആർജ്ജിക്കാൻ സാധിച്ച രാഹുൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുന്നു. ഇൻഡ്യ സഖ്യത്തിലെ 300 എംപിമാർ അണിനിരക്കുന്ന പ്രതിഷേധം നാളെ രാവിലെ 11.30ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടക്കും. രാഹുൽ ഗാന്ധി തന്നെയാണ് പ്രതിഷേധങ്ങൾക്കും നേതൃത്വം നൽകുക.
കർണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് രാഹുൽ തന്റെ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാനും രാഹുൽ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഇതിനായി ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു.
ഇൻഡ്യ സഖ്യത്തിനും പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് രാഹുലിന്റെ വെളിപ്പെടുത്തൽ. രാഹുലിന്റെ വാദങ്ങൾ ശരിവെച്ച് നേരത്തെ എൻസിപി നേതാവ് ശരത് പവാർ രംഗത്തെത്തിയിരുന്നു. ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ പെരുമാറുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുലിന്റെ വെളിപ്പെടുത്തലുകൾ സ്ഫോടനാത്മകമാണ്. വിഷയത്തിൽ മറുപടി പറയണമെന്ന് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ വോട്ടർ പട്ടിക ഇലക്ട്രോണിക് രൂപത്തിലും വീഡിയോഗ്രാഫിക് റെക്കോർഡുകളിലും നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. കർണാടകയിലെ ഒരു സീറ്റിൽ മാത്രമല്ല, ഇന്ത്യയിലുടനീളം വോട്ട് മോഷണം തെളിയിക്കാൻ ഞങ്ങൾ അത് ഉപയോഗിക്കും എന്നും നേതാക്കൾ പറഞ്ഞു.