ന്യൂഡൽഹി: 79-ാം സ്വതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യത്താകമാനം ആഘോഷ പരിപാടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് വിപുലമായ തുടക്കമായി. രാജ്യം ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് ദേശിയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ശില്പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ച അദ്ദേഹം കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശരിയായ മറുപടി നൽകിയ ഇന്ത്യൻ സേനാംഗങ്ങളെയും പ്രധാനമന്ത്രി പ്രസംഗത്തിൽ ആദരിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. ‘ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ കരുത്തുകാട്ടി. 100 കിലോമീറ്റര്‍ വരെ പാകിസ്താനിലേക്ക് കടന്ന് ആക്രമിച്ചു. ഭീകരവാദികള്‍ക്ക് അര്‍ഹമായ തിരിച്ചടി നല്കി. ഭീകരതക്കൊപ്പം നില്ക്കുന്ന പാകിസ്താന്റെ ഉറക്കം നഷ്ടപ്പെട്ടു. സൈന്യം ഭീകരവാദികള്‍ക്ക് തക്ക മറുപടി നല്കി. ഭീകരവാദികളെയും ഭീകരവാദികളെ സഹായിക്കുന്നവരെയും ഒന്നായി കാണും’, മോദി പറഞ്ഞു.
രാജ്യത്തിന്റെ വഴികാട്ടി ഭരണഘടനയാണെന്ന് പ്രധാനമന്ത്രി തന്റെ സ്വതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിറെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. വികസിത ഭാരത്തിറെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രംസംഗത്തില്‍ പറഞ്ഞു.
അതേസമയം വിഭജനത്തിന്റെ ദിനങ്ങളെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയാണെന്നും വിഭജനത്തിന്റെ നാളുകളെ മറക്കരുതെന്നും രാഷ്ട്രപതി പറഞ്ഞു. കൊളോണിയല്‍ ഭരണത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍ നിന്നുള്ള മോചനത്തിന്റെ ഓര്‍മദിനമാണിതെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഭീകരമായ അക്രമങ്ങളാണ് വിഭജനം കാരണം ഉണ്ടായതെന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി. വിഭജനം മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 79 വര്‍ഷങ്ങള്‍ കൊണ്ട് രാജ്യം ഏറെ മുന്നിലെത്തി. വലിയൊരു വിഭാഗം ദാരിദ്ര്യത്തില്‍ നിന്ന് മോചിതരായിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.