ശനിയാഴ്ച കര്‍ക്കടകത്തിലെ തിരുവോണ നാളാണ്. അന്നാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പരിപ്പും പപ്പടവും പായസവും ഒക്കെ ഒരുക്കിയാണ് കേരളത്തിൽ പിള്ളേരോണവും ആഘോഷിക്കുന്നത്. കുഞ്ഞിപ്പൂക്കളവും ഒരുക്കി ഉണ്ണിയപ്പവും ചുട്ട് മലയാളികൾ പിള്ളേരോണം ആഘോഷിക്കും. പഞ്ഞക്കർക്കിടകം എന്നായിരുന്നു ഈ മാസത്തെ പഴമക്കാർ പറഞ്ഞിരുന്നത്. മഴയും തൊഴിലില്ലായ്മയും ജനതയെ വലച്ചിരുന്ന കാലം.
പണ്ട് കാലത്തെ കർക്കിടക ദുരിതങ്ങളിൽ കുട്ടികൾക്ക് സദ്യ നൽകാൻ കൊണ്ടാടിയിരുന്നതാണ് പിള്ളേരോണം എന്നും കഥയുണ്ട്. വരാനിരിക്കുന്ന ഓണ സമൃദ്ധിക്ക് വേണ്ടി തയ്യാറാകാന്‍, ചിങ്ങത്തെ വരവേൽക്കാൻ പിള്ളേരോണം വഴികാട്ടിയായി മാറുന്നു.
പിള്ളേരോണസദ്യ കഴിഞ്ഞാല്‍ വീട്ടിലെ മുതിർന്നവർ കുട്ടികള്‍ക്ക് ഓണക്കോടിയും നല്‍കുമായിരുന്നു. പഴയകാലത്ത് കർക്കിടകത്തിലെ തിരുവോണം മുതൽ പൂക്കളം ഇട്ടിരുന്നു. ആദ്യദിനം ഒരു വട്ടത്തില്‍ തുടങ്ങി ഇരുപത്തേഴ് ദിവസം ആകുമ്പോൾ ഇരുപത്തേഴ് വട്ടങ്ങളിൽ പൂവിടും. ഇന്ന് എല്ലാ ദിവസവും ഓണമാണ്. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു.
ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നും പറയപ്പെടുന്നു. തൃക്കാക്കരയപ്പനും പിള്ളേരോണവും വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു എന്നും പറയപ്പെടുന്നു.പുതു തലമുറയിൽ പഞ്ഞക്കർക്കിടകം അനുഭവിക്കുന്നവർ വിരളമാണ്. കേരളത്തിന്റെ ചരിത്രത്തോടൊപ്പം ചേർന്ന് കിടക്കുന്ന പിള്ളേരോണത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന കഥകൾ പുതുതലമുറയും കേട്ട് വളരട്ടെ.