നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവരെല്ലാം കൂടുതലായും ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ നല്ലൊരു തുക സമ്പാദ്യമായി നേടാമെന്നതിനാലാണ് പലരും എഫ്ഡികൾ തിരഞ്ഞെടുക്കുന്നത്. വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മുതിർന്ന പൗരൻമാരുടെ എഫ്ഡികൾ തിരഞ്ഞെടുക്കുന്നു.
ബാങ്കുകളെപ്പോലെ തന്നെ പോസ്റ്റ് ഓഫീസും സ്ഥിര നിക്ഷേപം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം.1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ പോസ്റ്റ് ഓഫീസില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. പോസ്റ്റ് ഓഫീസിലെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് കീഴിൽ, 1 വർഷത്തെ നിക്ഷേപത്തിന് 6.9% പലിശയും 2 വർഷത്തേക്ക് 7.0% പലിശയും 3 വർഷം വരെ FD-ക്ക് 7.1% പലിശയും 5 വർഷത്തേക്ക് നിക്ഷേപത്തിന് 7.5% പലിശയും ലഭ്യമാണ്. ഈ പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച് ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
5 ലക്ഷം നിക്ഷേപിച്ച് പലിശയായി രണ്ടര ലക്ഷം കയ്യിൽ വാങ്ങാം
പോസ്റ്റ് ഓഫീസിലെ ടിഡി സ്‌കീമില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ 7,24,974 രൂപ ലഭിക്കും. ഇതില്‍ 2,24,974 രൂപയാണ് പലിശ വരുമാനമായി ലഭിക്കുക.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം
പ്രായപൂർത്തിയായ വ്യക്തികൾക്കും, പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷിതാവിനും അക്കൗണ്ട് തുറക്കാവുന്നതാണ്. മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. കുട്ടിക്ക് 10 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ, അയാൾക്ക് തന്നെ അക്കൗണ്ട് പ്രവർത്തിപ്പിക്കാം. ഇതുകൂടാതെ, ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ജോയിന്റ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യവും ഈ പദ്ധതിയിൽ ലഭ്യമാണ്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ ജോയിന്റ് അക്കൗണ്ട് ഒരൊറ്റ അക്കൗണ്ടാക്കി മാറ്റാനും കഴിയും.
നികുതി ഇളവ്, വായ്പ
മികച്ച പലിശയ്ക്ക് പുറമേ, ഈ സ്കീം മറ്റ് നിരവധി മികച്ച ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കും. ഇതിലെ നിക്ഷേപത്തിന്മേൽ വായ്പ എടുക്കാം.