മുംബൈ: ഓവലിലെ ത്രസിപ്പിക്കുന്ന വിജയത്തോടെ ആൻഡേഴ്സൺ – ടെണ്ടുൽക്കർ ട്രോഫി സമനിലയിലാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് റാങ്കിംഗിലും നേട്ടം. ഓവലിലെ താരമായ മുഹമ്മദ് സിറാജ് ടെസ്റ്റ് കരിയറിലെ തന്റെ ഏറ്റവും മികച്ച റാങ്കിലെത്തി. അവസാന മത്സരത്തിലെ ഒൻപത് വിക്കറ്റ് നേട്ടമടക്കം പരമ്പരയിലെ മിന്നും പ്രകടനം സിറാജിനെ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15 -ാം റാങ്കിലെത്തിച്ചു. കഴിഞ്ഞ ജനുവരിയിൽ 16-ാം റാങ്കിലെത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം.
അതേസമയം, ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമം അനുവദിച്ച ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിക്കാതെയിരുന്നിട്ടും ഒന്നാം സ്ഥാനം നിലനിർത്തി. 889 പോയിന്റുമായാണ് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള കഗിസോ റബാഡയ്ക്ക് 851 പോയിന്റുകളാണുള്ളത്. സിറാജും ജഡേജയും മാത്രമാണ് ആദ്യ ഇരുപതിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. മൂന്ന് സ്ഥാനങ്ങൾ പിന്നിലേക്ക് പോയ ജഡേജ 17-ാം സ്ഥാനത്താണ്. ഓവൽ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ മറ്റൊരു റെക്കർ-ഇൻ-ചീഫ് ആയ പ്രസിദ്ധ് കൃഷ്ണയും കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 59-ാം സ്ഥാനം നേടി.
ബാറ്റർമാരുടെ പട്ടികയിലും നേട്ടമുണ്ടാക്കാൻ ഇന്ത്യൻ താരങ്ങൾക്കായി. ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്സ്വാളാണ് ഇന്ത്യൻ താരങ്ങളിൽ മുൻനിരയിൽ. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ജയ്സ്വാൾ അഞ്ചാം റാങ്കിലാണ്. റിഷഭ് പന്ത് ഒരു പടി താന്ന് എട്ടാം റാങ്കിലേക്കും ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ നാല് സ്ഥാനങ്ങൾ വീണ് 13-ാം റാങ്കിലേക്കും വീണു. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ തന്നെ ഹാരി ബ്രൂക്ക് രണ്ടാം സ്ഥാനത്തുമുണ്ട്.
ഇംഗ്ലണ്ടിനെതിരായ റെക്കോർഡ് ബാറ്റിംഗ് പ്രകടനത്തിന് പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇന്ത്യൻ നായകൻ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ നിന്ന് പുറത്താവുകയായിരുന്നു. പര്യടനത്തിലെ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 754 റൺസ് നേടിയ അദ്ദേഹം, ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടവും സ്വന്തമാക്കി. 1937 ൽ ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ ഡോൺ ബ്രാഡ്മാൻ നേടിയ 801 റൺസിന് ശേഷം ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്‌കോറുമാണിത്.