റസ്റ്ററന്റുകളിൽ ഭക്ഷണം കഴിച്ചശേഷം കൗണ്ടറിൽ എത്തുമ്പോൾ ഒരു ചെറിയ ബൗളിൽ പെരുംജീരകം വച്ചിട്ടുണ്ടാകും. ദഹനത്തിന് മികച്ചതാണ് പെരുംജീരകം. മൂന്നോ നാലോ പെരുംജീരകം ചവയ്ക്കുന്നത് നിറയെ ആരോഗ്യ ഗുണങ്ങൾ നൽകും. പെരുംജീരകം ചവയ്ക്കുന്നതാണോ അതോ പെരുംജീരകം വെള്ളം കുടിക്കുന്നതാണോ നല്ലതെന്ന സംശയം ചിലർക്കെങ്കിലും ഉണ്ടാകും. രണ്ട് രീതികൾക്കും അതിന്റേതായ ഗുണങ്ങളുണ്ടെന്ന് പറയുമ്പോഴും ഏതാണ് കൂടുതൽ നല്ലതെന്ന് നോക്കാം.
പെരുംജീരകം ചവയ്ക്കുമ്പോൾ, അവയിലെ സ്വാഭാവിക എണ്ണകൾ പുറത്തുവിടുന്നു. ഇവയിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ ദഹനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും കാലക്രമേണ മലബന്ധം ലഘൂകരിക്കുകയും ചെയ്യും. കൂടാതെ, ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ഭക്ഷണം തകർക്കാൻ സഹായിക്കുന്നു.
പെരുംജീരകം രാത്രി മുഴുവൻ കുതിർത്ത് ആ വെള്ളം രാവിലെ കുടിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ പോലുള്ള വെള്ളത്തിൽ ലയിക്കുന്ന പോഷകങ്ങൾ വേർതിരിച്ചെടുക്കുന്നു. ഈ രീതി ജലാംശം നൽകുന്നതും ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാൻ എളുപ്പവുമാണ്. പെരുംജീരകം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും.
പെരുംജീരകം ചവയ്ക്കണോ അതോ വെള്ളം കുടിക്കണോ എന്നത് ഓരോരുത്തരുടെയും ജീവിതശൈലിയെയും ആവശ്യങ്ങളെയും ആശ്രയിച്ചിരിക്കും. നിങ്ങൾ തിരക്കുള്ള ആളാണെങ്കിൽ പെരുംജീരകം ചവയ്ക്കുന്നത് വേഗത്തിലും എളുപ്പത്തിലും ചെയ്യാം. നിനല്ലൊരു പ്രഭാതദിനചര്യയാണ് ഇഷ്ടമെങ്കിൽ, പെരുംജീരകം കുതിർത്ത വെള്ളം കുടിക്കുന്നത് ഉന്മേഷം നൽകും. ചിലർ രണ്ടും ചെയ്യുന്നു, ഭക്ഷണത്തിനു ശേഷം പെരുംജീരകം ചവയ്ക്കുകയും രാവിലെ വെള്ളം കുടിച്ച് ദിവസം തുടങ്ങുകയും ചെയ്യുന്നു.
പെരുംജീരകം വെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം?
രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുക. ഇത് ദഹനം ആരംഭിക്കാനും, മെറ്റബോളിസം മെച്ചപ്പെടുത്താനും, വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. വേനൽക്കാലത്ത് ഈ വെള്ളം കുടിക്കുകയാണെങ്കിൽ, ശരീരത്തെ തണുപ്പിക്കാനും, ചൂടുമായി ബന്ധപ്പെട്ട ദഹന പ്രശ്നങ്ങൾ തടയാനും സഹായിക്കും. എന്നിരുന്നാലും, ഭക്ഷണം കഴിഞ്ഞയുടനെ പെരുംജീരകം വെള്ളം കുടിക്കരുത്. ഇത് ദഹനത്തെ മന്ദഗതിയിലാക്കിയേക്കാം.