വൃക്കകളുടെ ആരോഗ്യം? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കിഡ്നി സംബന്ധമായ അസുഖങ്ങളാൽ മരണമടയുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. മാറിയ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലപ്പോഴും രോഗലക്ഷണങ്ങൾ വളരെ വൈകിയാണ് തിരിച്ചറിയുന്നതിനാൽ രോഗത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നതുവരെ കണ്ടെത്തപ്പെടാതെ പോകുന്നു. രോഗലക്ഷണങ്ങ തിരിച്ചറിയുന്ന ഘട്ടമാവുമ്പോഴേക്കും അവസ്ഥ ഗുരുതരമാകുകയും വൃക്കകളുടെ പ്രവര്‍ത്തനം ഗണ്യമായി തകരാറിലാകുകയും ചെയ്തേക്കാം. 

വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങൾ

മാറിയ ഭക്ഷണശീലങ്ങള്‍, ഉയര്‍ന്ന ഉപ്പ് ഉപഭോഗം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ഉദാസീനമായ ജീവിതശൈലി എന്നിവ പ്രമേഹത്തിന്റെയും രക്താതിമര്‍ദത്തിന്റെയും വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇവ വൃക്ക രോഗത്തിന്റെ രണ്ട് പ്രധാന കാരണങ്ങളാണ്. പാക്കുചെയ്ത ലഘുഭക്ഷണങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ്, സംസ്‌കരിച്ച മാംസങ്ങള്‍ എന്നിവയൊക്കെ വൃക്ക രോഗത്തിനുള്ള അപകട സാധ്യത വർധിപ്പിക്കുന്നു. അച്ചാറുകള്‍, പപ്പടം, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ മിതമായി കഴിച്ചില്ലെങ്കില്‍ അമിതവണ്ണത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാവുകയും വൃക്കയുടെ പ്രവര്‍ത്തനത്തെ വിപരീതമായി ബാധിക്കുകയും ചെയ്യും.

നിർജലീകരണമാണ് മറ്റൊരു പ്രധാന കാരണം. വേണ്ടത്ര വെള്ളം കുടിക്കാത്തതിനാല്‍ വൃക്കയിലെ കല്ല് രൂപപ്പെടാനും മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം വൃക്ക തകരാറിന് കാരണമാകും.

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ

മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും വൃക്ക തകരാറിലായതിന്റെ സൂചനയാണ്. വൃക്ക പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാതെ ആകുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും ഒരു ഊര്‍ജ്ജമില്ലാത്ത അവസ്ഥയുമൊക്കെ ഉണ്ടാവും. പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയാണ് മറ്റൊരു ലക്ഷണം. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം. 

വൃക്കരോഗത്തിന് സാധ്യതയുള്ളവർ ആരൊക്കെ?

പ്രമേഹമോ രക്താതിമര്‍ദ്ദമോ ഉള്ളവര്‍ക്ക് വൃക്കരോഗം പെട്ടെന്ന് ബാധിക്കാം. ഇക്കൂട്ടർ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പതിവ് നിരീക്ഷണവും ശരിയായ മരുന്നുകള്‍ കഴിക്കുകയും വേണം. ജനിതകഘടകങ്ങൾ വൃക്കരോഗത്തിനുള്ള സാധ്യത കൂട്ടും. കുടുംബത്തിൽ വൃക്കരോഗികള്‍ ഉണ്ടെങ്കിൽ തീർച്ചയായും പതിവായ ആരോഗ്യപരിശോധന നടത്തണം. പ്രായം കൂടുതലുളളവർക്ക് വൃക്കരോഗത്തിന്റെ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ചില വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, മറ്റ് മരുന്നുകൾ ഇവ ദീർഘകാലത്തേക്ക് കഴിക്കുന്നവരിൽ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം.

രോഗം വരുന്നത് എങ്ങനെ തടയാം?

ജീവിതശൈലിയിലെ നല്ല മാറ്റങ്ങള്‍ വൃക്കരോഗിയായി മാറുന്നത് തടയാൻ സഹായിക്കും. ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക, നിത്യേന വ്യായാമം ചെയ്യുക എന്നീ കാര്യങ്ങള്‍ ശീലിക്കുന്നത് വൃക്കരോഗത്തിന്റെ അപകടസാധ്യത ഗണ്യമായി കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *