ചീത്ത കൊളസ്ട്രോൾ കുറയ്ക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് കൊളസ്ട്രോൾ വേണം. എന്നാൽ കൊളസ്ട്രോൾ കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ, നല്ല കൊളസ്ട്രോൾ എന്നും അറിയപ്പെടുന്നു. ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) ചീത്ത കൊളസ്ട്രോൾ എന്നും അറിയപ്പെടുന്നു. എൽഡിഎൽ കൊളസ്ട്രോള്‍ കുറഞ്ഞ അളവില്‍ കാണപ്പെടുതാണ് നല്ല ആരോഗ്യത്തിന്റെ ലക്ഷണമായി പൊതുവേ കാണാറുള്ളത്‌.

എൽഡിഎൽ കൊളസ്ട്രോള്‍ കുറഞ്ഞിരിക്കുന്നതാണ് ഹൃദയത്തിന് ഏറ്റവും നല്ലത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ സാധാരണയായി മനുഷ്യര്‍ക്ക് ആവശ്യമാണെങ്കിലും അമിതമാകുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുമ്പോഴാണ് ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദനത്തിന് കാരണമാകുന്നത്. ചില ജീവിതശൈലി മാറ്റങ്ങൾ എൽഡിഎൽ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കും.

  1. കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക

കൊഴുപ്പുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. റെഡ് മീറ്റ്, വെണ്ണ, നെയ്യ്, ക്രീം, കൊഴുപ്പ് നിറഞ്ഞ ചീസ് എന്നിവയിൽ സാധാരണയായി കാണുന്ന പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാം. സാൽമൺ, അയല പോലുള്ള മത്സ്യങ്ങളും ഒലിവ് ഓയിൽ, നട്സ്, വിത്തുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

  1. വ്യായാമം

വ്യായാമം ചെയ്യേണ്ടത് നിർബന്ധമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക.

  1. മദ്യപാനവും പുകവലിയും വേണ്ട

കൊളസ്ട്രോൾ നില ഉയരുന്നതിനും ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കും പുകവലി കാരണമാകും. അമിതമായ മദ്യപാനം ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് മദ്യപാനം കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായി ഒഴിവാക്കാനോ ശ്രമിക്കുക.

  1. ഭക്ഷണത്തിന് ശേഷം മൂന്ന് മിനിറ്റ് നടക്കാം

ഭക്ഷണം കഴിച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതിന് പകരം വെറും മൂന്ന് മിനിറ്റ് നടക്കുക. ഭക്ഷണത്തിന് ശേഷമുള്ള ചെറിയ നടത്തം പോലും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഈ ശീലം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

  1. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക

എപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ സാവധാനം ചവച്ചരച്ച് കഴിക്കാന്‍ ശീലിക്കുക. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണം നന്നായി ചവച്ചിറക്കുമ്പോള്‍ ശരീരം കൂടുതല്‍ ദഹന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. മോശം ദഹനം പലപ്പോഴും കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *