ചുരുങ്ങിയ വർഷം കൊണ്ട് കോടീശ്വരനോ കോടീശ്വരിയോ ആകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പലരുടെയും ജീവിതത്തിൽ ഇതൊരു സ്വപ്നം മാത്രമായിരിക്കും. എന്നാൽ, 5 വർഷം കൊണ്ട് 50 ലക്ഷം സമ്പാദിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. നിക്ഷേപങ്ങളുടെ യഥാർത്ഥ റിട്ടേൺസ് ശേഷി മനസിലാക്കുകയും കൃത്യമായ ആസൂത്രണത്തിലൂടെയും നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെയും 50 ലക്ഷമെന്ന സാമ്പത്തിക ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
സമ്പാദ്യം വർധിപ്പിക്കാൻ പലരും സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ഇത് എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യണമെന്നില്ല. പല തരത്തിലുള്ള നിക്ഷേപ രീതികൾ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് വഴിതെളിക്കാൻ ലഭ്യമാണെന്ന് ആദ്യം മനസിലാക്കുക. കുറഞ്ഞ സമയംകൊണ്ട് വലിയ നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന മൂന്നു നിക്ഷേപ രീതികളുണ്ട്. ഈ മൂന്ന് നിക്ഷേപ രീതകളിലൂടെ അപകട സാധ്യത കുറയ്ക്കാനും വെറും അഞ്ച് വർഷം കൊണ്ട് 50 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടാക്കാനും സാധിക്കും.
1. സ്വർണ നിക്ഷേപം
സ്വർണവില ദിനംപ്രതി ഉയരുന്നത് സ്വർണത്തിന്റെ മൂല്യം ഇരട്ടിയാക്കിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ ഇന്ന് വലിയ രീതിയിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നുണ്ട്. സ്വർണ്ണം എപ്പോഴും ഒരു സുരക്ഷിത നിക്ഷേപ ഓപ്ഷനാണ്, സ്ഥിരമായ വരുമാനം വാഗ്‌ദാനം ചെയ്യുന്നു. 1995 നും 2024 നും ഇടയിൽ, സ്വർണ്ണം ശരാശരി 10 ശതമാനം വാർഷിക വരുമാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് എഫ്ഡികളേക്കാൾ ആകർഷകമാക്കുന്നു.
2. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ
ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ടുകളേക്കാൾ താരതമ്യേന സുരക്ഷിതമായ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്ക്, 5 വർഷത്തെ കാലയളവിൽ 10 മുതൽ 13 ശതമാനം വരെ വാർഷിക വരുമാനം വാഗ്‌ദാനം ചെയ്യാൻ കഴിയും. കഴിഞ്ഞ ഒരു വർഷത്തെ റിട്ടേൺ പരിഗണിക്കുമ്പോൾ സ്മാൾക്യാപ്, മിഡ്ക്യാപ് ഫണ്ടുകളെ മറികടക്കുന്ന പ്രകടനം നടത്തിയത് ഡെറ്റ് ഫണ്ടുകളാണ്. ഒരു ഡെറ്റ് ഫണ്ട് പ്രതിവർഷം 12 ശതമാനം റിട്ടേൺ നിരക്ക് നൽകുന്നുവെന്ന് കരുതുക, അതിൽ 25,000 രൂപ പ്രതിമാസ നിക്ഷേപം 5 വർഷത്തിനുള്ളിൽ 20,27,590 രൂപ മൂല്യം നൽകും.
3. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ അപകടസാധ്യതയുള്ളവയാണെങ്കിലും ഉയർന്ന റിട്ടേണുകൾ നൽകുന്നു. വിപണിയിൽ 5 വർഷം പൂർത്തിയായ ഏകദേശം 199 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണുള്ളത്. ഒരു നല്ല ലാർജ് ക്യാപ് ഫണ്ട് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 15 ശതമാനം വാർഷിക വരുമാനം വാഗ്‌ദാനം ചെയ്യുന്നു. ഇവിടെ പ്രതിമാസം 23,000 രൂപ നിക്ഷേപിച്ചാൽ നല്ലൊരു സമ്പാദ്യം നേടാം. 5 വർഷത്തിന്റെ അവസാനത്തിലെ അന്തിമ കോർപ്പസ് 20,08,868 രൂപയായിരിക്കും.