ഇടയ്ക്കിടെ പനി, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ വരുന്നവരെ കണ്ടിട്ടില്ലേ? രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് ഇക്കൂട്ടര്‍. അതായത് ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കുറവായിരിക്കും.
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ധാരാളം കഴിക്കണം. ജീവിതശൈലിയാണ് രോഗപ്രതിരോധശേഷി കുറയാനുള്ള പ്രധാന കാരണം. പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത സമ്മര്‍ദ്ദം, ഉറക്കക്കുറവ് എന്നിവയെല്ലാം രോഗപ്രതിരോധശേഷിയെ താളംതെറ്റിക്കും.
ഉറക്കം നിര്‍ബന്ധം
ശരീരത്തിനു കൃത്യമായ വിശ്രമം ഇല്ലാത്തവര്‍ക്ക് അതിവേഗം രോഗങ്ങള്‍ ബാധിക്കും. ദിവസവും ചുരുങ്ങിയത് ഏഴ് മണിക്കൂര്‍ ഉറക്കം ശീലമാക്കുക. വൈകി ഉറങ്ങുന്നതും വൈകി എഴുന്നേല്‍ക്കുന്നതുമായ ശീലം ഒഴിവാക്കി ഉറക്കത്തിനു കൃത്യമായ ടൈം ടേബിള്‍ വയ്ക്കണം.
വിറ്റാമിന്‍ സി നിര്‍ബന്ധം
വിറ്റാമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശീലമാക്കുക. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക, ഓറഞ്ച് എന്നിവ ദിവസവും കഴിക്കുക. ഓറഞ്ചിനേക്കാള്‍ ഇരുപത് ഇരട്ടി കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന നെല്ലിക്ക ദിവസവും ഒന്ന് വീതം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിനു ആവശ്യമായ ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.
പഴങ്ങളില്‍ ഓറഞ്ചാണ് വിറ്റാമിന്‍ സിയുടെ ഉറവിടം. സിട്രസ് പഴങ്ങളും ശീലമാക്കാം. സ്‌ട്രോബെറീസ്, ബ്ലാക്ക്‌ബെറീസ്, ബ്രോക്കോളി, ഉരുളക്കിഴങ്ങ്, ചീര എന്നിവ ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ ഉറവിടമായ ചിക്കനും ശരീരത്തിനു നല്ലതാണ്.
മദ്യപാനം, പുകവലി ഒഴിവാക്കാം
രോഗപ്രതിരോധശേഷി നശിപ്പിക്കുന്നതില്‍ മദ്യം, പുകവലി എന്നിവയ്ക്കു വലിയ പങ്കുണ്ട്. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു. ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനവും താറുമാറാക്കും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- ദിവസവും ചൂടുവെള്ളം കൊണ്ട് തൊണ്ടയില്‍ ഗാര്‍ഗിള്‍ ചെയ്യുക
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- ദിവസവും 20 മിനിറ്റെങ്കിലും ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടുക
- വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും വേണം
- ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക