ചരിത്രമെഴുതി, ഇനി കടമ്പകളേറെ; ശ്വേതയെയും കുക്കുവിനെയും കാത്തിരിക്കുന്നത് ചക്രവ്യൂഹമോ?

കൊച്ചി: വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നടുവിൽ ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് നേടിയ വിജയം, മലയാള സിനിമയുടെ ചരിത്രത്തിലെ പുതിയ ചുവടുവയ്പ്പാണ്. ഏറെക്കാലമായി വനിതകൾ നേതൃനിരയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്ന അമ്മയിൽ പുതിയ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രവർത്തകർ കാണുന്നത്. 30 വർഷത്തെ സംഘടന ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകളെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇവർ മാത്രമല്ല വൈസ് പ്രസിഡന്റായി ലക്ഷ്മി പ്രിയയും ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസനും തെരഞ്ഞെടുക്കപ്പെടുമ്പോൾ അമ്മയുടെ നേതൃനിരയിൽ സ്ത്രീ സാനിധ്യം കൂടുതൽ ശക്തമാകുന്നു. 

പരാതികളും വിവാദങ്ങളും 

അതേസമയം, സംഘടനയിൽ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ശ്വേതയ്ക്കും കുക്കുവിനുമെതിരെ നിരവധി ആരോപണങ്ങളും പരാതികളും ഉയർന്ന് വന്നിരുന്നു. ഇവയെല്ലാം സ്ത്രീകൾ നേതൃ നിരയിലേക്ക് വരുന്നത് തടയാനുള്ള നീക്കമാണെന്ന വാദവും ശക്തമായി നിലനിന്നു. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രം​ഗങ്ങളിൽ അഭിനയിച്ചു എന്ന് ആരോപിച്ച് മാർട്ടിൻ മേനാച്ചേരി എന്നയാളാണ് ശ്വേതയ്ക്കെതിരെ പരാതി നൽകിയത്. പരാതിക്ക് പിന്നിൽ ചില പ്രമുഖ നടന്മാരാണ് എന്ന രീതിയിൽ വ്യാഖ്യാനങ്ങളും ഉണ്ടായി.  മീ ടു വിഷയത്തിന് ശേഷം ചില നടിമാർ നടത്തിയ തുറന്ന് പറച്ചിലുകൾ അടങ്ങുന്ന മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈയ്യിൽ വെക്കുകയും അതുപയോ​ഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപിച്ച് ചില നടിമാർ തന്നെ രം​ഗത്തെത്തിയത് കൂടുതൽ ചർച്ചകൾക്കും വഴി ഒരുക്കി.

പ്രതീക്ഷകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും തൊഴിൽ അവസരങ്ങളും വലിയ ചർച്ചയായിരുന്നു. ഫിലിം കോൺക്ലേവ് വേദിയിൽ തന്നെ ശ്വേതയും കുക്കുവും വനിത കലാകാരികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്നു സംസാരിക്കുകയുണ്ടായി. സ്ത്രീകളുടെ വേതനത്തിലെ വ്യത്യാസം, സുരക്ഷ പ്രശ്നങ്ങൾ, സംഘാടന ഘടനയിലെ അധികാര അഭാവം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ശക്തമായ നിലപാടുകൾ രേഖപ്പെടുത്തിയിരുന്നു. ഇതും അവരുടെ വി‍ജയത്തിന് സ്വാധീന ഘടകമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങളും സുരക്ഷിതമായ അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിൽ ഇരുവരുടെയും നിലപാട് ശക്തമായി പ്രകടിപ്പിച്ചു. നിർമ്മാണം, സംവിധാനം തുടങ്ങിയ സംഘടന തലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കാനും തൊഴിലിടം നേടിക്കൊടുക്കാനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി സുരക്ഷാ സംവിധാനങ്ങളും, ലൈംഗിക പീഡന വിരുദ്ധ സെല്ലും രൂപീകരിക്കുന്നതിനുള്ള നടപടികൾ എടുത്തിരുന്നു.

സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ നിയമ  നടപടികൾ, സിനിമ രംഗത്തെ സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്ന സംവിധാനങ്ങൾ, തുല്യ വേതനം, അവസരങ്ങളിൽ സുതാര്യത, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എന്നിവയാണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. 

സ്ത്രീപക്ഷമാകുമോ?

നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വനിതകളിൽ പലരുടെയും മുൻകാല ചരിത്രം സ്ത്രീപക്ഷ നിലപാടുകളല്ലായെന്ന വാദവുമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്നു വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് പലവട്ടം പറഞ്ഞിട്ടുള്ള വ്യക്തിയാണ് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ലക്ഷ്മിപ്രിയ. ‘കുലസ്ത്രീ’ ആയിരിക്കുകയെന്നാല്‍ അതൊരു അന്തസാണെന്ന് ഊറ്റം കൊള്ളുന്ന ലക്ഷ്മിപ്രിയയെ പലപ്പോഴായി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ‘സനാതനധര്‍മ്മ സൂപ്പര്‍സ്റ്റാര്‍’ എന്നാണ് സോഷ്യല്‍ മീഡിയ പോലും പരിഹസിക്കുന്നത്.

പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരൻ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റാരോപിതനായതിനു പിന്നാലെ താരസംഘടന നടത്തിയ വാര്‍ത്താസമ്മേളനത്തിൽ നടത്തിയ പ്രകടനങ്ങളും വീണ്ടും കുത്തിപ്പൊക്കിയിട്ടുണ്ട്. ദിലീപിനെ ഒറ്റപ്പെടുത്താന്‍ സംഘടന അനുവദിക്കില്ലെന്ന് ഗണേഷ് കുമാറും മുകേഷും അതിശക്തമായി മാധ്യമങ്ങളോടു നിലപാട് അറിയിച്ചപ്പോള്‍ അതിനു കൈയടിച്ചും ഓരിയിട്ടും സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വ്യക്തിയാണ് കുക്കു പരമേശ്വരന്‍. ഫലപ്രഖ്യാപനത്തിന് പിന്നാലെ പെൺമക്കളല്ല, അമ്മയുടെ മക്കളാണ് എന്ന കുക്കുവിന്റെ പ്രതികരണത്തെയും സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്.

വെല്ലുവിളികൾ

നടി അക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ സംഘടനയുടെ പുതിയ നേതൃത്വമെടുക്കുന്ന നിലപാട് ഏറെ നിർണായകമാകും. സംഘടന തലത്തിരുന്നവർക്കെതിരെയും ലൈംഗിക പരാതികളുയർന്ന ഘട്ടത്തിലാണ് അമ്മ വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത്. പിന്നീട് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ആരോപണ വിധേയർ മത്സരിക്കുന്നതിനെതിരെയും വലിയ വിമർശനം ഉയർന്നു. ബാബുരാജിനടക്കം പത്രിക പിൻവലിക്കേണ്ടി വന്ന സാഹചര്യവുമതായിരുന്നു. അങ്ങനെ വരുമ്പോൾ എത്രത്തോളം സ്ത്രിപക്ഷ നിലപാടെടുക്കാൻ ശ്വേതയ്ക്കും കുക്കുവിനും സാധിക്കുമെന്നത് കാത്തിരുന്നു തന്നെ കാണണം. 

സാമ്പത്തിക കാര്യങ്ങൾ

സ്ത്രീകൾ നേതൃത്വത്തിലേക്ക് വരുന്നതിനെ എതിർത്തിരുന്നവർ എല്ലാ കാലഘട്ടത്തിലും ഉയർത്തിയിരുന്ന പ്രധാന വാദങ്ങളിലൊന്ന് സംഘടനയുടെ സാമ്പത്തിക കാര്യങ്ങളാണ്. സൂപ്പർ താരങ്ങൾ മാറി നിൽക്കുന്നത് വരുമാന സ്രോതസിനെ ബാധിക്കുമെന്നും ഇതുവരെ തുടർന്നു പോരുന്ന സാമൂഹക പ്രവർത്തനങ്ങളും അംഗങ്ങളുടെ സഹായദനങ്ങളും തടസ്സപ്പെടുമെന്നതുമാണ് അത്. അതോടൊപ്പം തന്നെ സംഘടനയുടെ നിലവിലുള്ള ഭീമമായ ആസ്തി കൈകാര്യം ചെയ്യാൻ ചില വ്യക്തികൾ പ്രത്യേക താത്പര്യം കാണിക്കുന്നുവെന്ന വാദവും ഒരു വശത്തുണ്ട്. ഇതിനെയെല്ലാം എത്രത്തോളം മറികടക്കാൻ സാധിക്കിമെന്നതും കാത്തിരുന്നു കാണണം. 

മുന്നിൽ നിർത്തിയതോ?

പഴയ ഘടനയിൽ നിന്ന് മാറ്റം വരുത്തുന്നതിനുള്ള സിനിമ സംഘടനകളുടെ പ്രതിരോധം, രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദങ്ങൾ, പുരുഷാധികാര വാദങ്ങൾ എന്നിവയാണ് ശ്വേതയും കുക്കുവും ഇനി നേരിടാൻ പോകുന്ന വെല്ലുവിളികൾ. നിലവിലെ സാഹചര്യത്തിൽ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണെങ്കിലും ഇവരെ മുൻനിർത്തി സംഘടനയിലെ കാർന്നവന്മാർ തന്നെയാണോ ഭരണം കയ്യാളുന്നത് എന്നതും കാത്തിരുന്ന് തന്നെ കാണണം. 

Leave a Reply

Your email address will not be published. Required fields are marked *