മൃതദേഹവുമായി കെവിന്റെ ബന്ധുക്കൾ തിരുനെൽവേലിയിൽ പ്രതിഷേധം തുടരുകയാണ്
ചെന്നൈ: ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസവും ഓരോ വ്യക്തിയുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിയമപരവുമായ ഉറപ്പും ഉണ്ടായിട്ടും, ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ, ദുരഭിമാനക്കൊല വ്യാപകമാണ്. അതിന്റെ ഏറ്റവും അവസാന കണ്ണിയാണ് തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണൽ കെവിൻകുമാർ. ദളിത് വിഭാഗക്കാരനായ കെവിൻകുമാർ മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങുമ്പോൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കെവിന്റെ കാമുകിയുടെ സഹോദരൻ സുർജിത്തും സഹായിയും ആണ് കൊല ചെയ്തത്. തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്.
സ്വർണ്ണ മെഡലോടെ പഠനം പൂർത്തിയാക്കിയ കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ടായിരുന്നു എന്നത് ജാതിവെറിക്ക് മുൻപിൽ താഴ്ന്ന തട്ടിൽ തന്നെയായിരുന്നു. മകൾ നന്നായി ജീവിക്കണം എന്നതിനേക്കാൾ ഒരു ദളിത് യുവാവിന്റെ ഒപ്പം ജീവിക്കരുത് എന്ന വാശിയാണ് കെവിന്റെ ജീവനെടുത്തത്. മൃതദേഹവുമായി കെവിന്റെ ബന്ധുക്കൾ തിരുനെൽവേലിയിൽ പ്രതിഷേധം തുടരുകയാണ്.
തിരുനെൽവേലി നെല്ലായി പാളയൻകോട്ടൈയിലെ കെ.ടി.സി. നഗർ പ്രദേശത്തെ താമസക്കാരാണ് പോലീസ് ദമ്പതികളായ ശരവണനും ഭാര്യ കൃഷ്ണകുമാരിയും. ഇവരുടെ മകളുമായി സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു കെവിൻകുമാർ. ഇരുവരും വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. സംസാരിക്കാനെന്ന വ്യാജേന കെവിനെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കെവിൻകുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ രക്തം വാർന്നു മരിച്ചു.
കുടുംബത്തിന് അപമാനം വരുത്തുന്ന പ്രവർത്തനങ്ങൾ തടയുക എന്നതാണ് ദുരഭിമാനക്കൊലയ്ക്ക് പിന്നിലെ പ്രധാന കാരണം, ഇത് പ്രധാനമായും കർക്കശമായ ജാതി വ്യവസ്ഥ മൂലം സംഭവിക്കുന്ന ദുരാചാരം തന്നെയാണ്. തമിഴ്‌നാട്ടിൽ കഴിഞ്ഞ അഞ്ച് വർഷമായി ദുരഭിമാനക്കൊലകൾ അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. ദുരഭിമാനക്കൊലകൾ ചില ഐ.പി.സി. വ്യവസ്ഥകളിൽ പെടുന്നുണ്ടെങ്കിലും, നിലവിലെ പരിതസ്ഥിതിയിൽ പരാജയപ്പെട്ട അവസ്ഥയിലാണ്.
2013 ജൂൺ മുതൽ തമിഴ്നാട്ടിൽ കുറഞ്ഞത് 88 ദുരഭിമാനക്കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുനെൽവേലി ജില്ലയിലെ റെയിൽവേയിൽ ജോലി ചെയ്തിരുന്ന ദളിത് യുവാവായ എസ്. വിശ്വനാഥൻ, 2019-ൽ മേട്ടുപ്പാളയത്തിന് സമീപം പട്ടികജാതി വിഭാഗത്തിൽപ്പെട്ട 22 വയസ്സുള്ള യുവാവിനെയും 16 വയസ്സുള്ള കാമുകിയെയും കൊലപ്പെടുത്തിയ സംഭവം, ഉടുമലൈ ശങ്കർ വധക്കേസ്, തിരുനെൽവേലി വിജയകുമാർ കൊലക്കേസ് തുടങ്ങി ജാതിഭ്രാന്ത് കൊലക്കത്തിക്കിരയാക്കിയ എത്രയോ ദളിത് ജീവനുകൾ. ശക്തമായ നിയമ വ്യവസ്ഥയും മാറേണ്ട സമൂഹവും ദുരഭിമാനക്കൊലയ്ക്ക് അറുതി വരുത്തിയേക്കാം.