വി.എ. അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

എച്ച്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവി വഹിക്കാന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിനാല്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ യോഗ്യത മറികടന്ന് നിയമനം നടന്നോ എന്നതായിരിക്കും പരിശോധിക്കുക.
ഒരു ദിവസം പോലും അധ്യാപകനായിട്ടില്ലാത്ത, ക്ലര്‍ക്ക് പദവിയില്‍ ഇരുന്ന ഒരാളാണ് ഇപ്പോള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ പദവി ഒരു സര്‍വകലാശാല വൈസ് ചാന്‍സിലറുടെ പദവിക്ക് തുല്യമാണ്. പ്രൊഫസര്‍ പദവിയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളവരെയാണ് യുജിസി ഇത്തരം പദവികളില്‍ നിയമിക്കുന്നത്. ഒരു ക്ലര്‍ക്കിന് രാഷ്ട്രീയസ്വാധീനം നിമിത്തം സ്ഥാനക്കയറ്റം കിട്ടുകയും പിന്നീട് ഇത്തരമൊരു സ്ഥാപനത്തിന്റെ ഡയറക്ടറാവുകയും ചെയ്തത് അസാധാരണമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജും നിലവില്‍ എ.പി.ജെ.അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഡീനുമായ ഡോ. വിനു തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *