ഗള്‍ഫില്‍ നിന്ന് പ്രതി നൗഷാദിന്റെ വീഡിയോ; ഹേമചന്ദ്രനെ കൊന്നിട്ടില്ല; മൃതദേഹം കുഴിച്ചിട്ടത് ഭയം കാരണം

യനാട്ടില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ മധ്യവയസ്‌കനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി വിദേശത്തുളള മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണ് എന്നാണ് നൗഷാദ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറയുന്നത്. കൊലപാതകം എന്ന് പറയുന്നത് ശരിയല്ലെന്നുംമറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് അത് കുഴിച്ചിട്ടതെന്നും നൗഷാദ് വീഡിയോയില്‍ പറയുന്നു. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി.
ഹേമചന്ദ്രന്‍ താനുള്‍പ്പെടെ പല സുഹൃത്തുക്കള്‍ക്കും പണം നല്‍കാനുണ്ട്. ഏകദേശം മുപ്പത് പേരില്‍ നിന്നായി പണം കൈപ്പറ്റിയിട്ടുണ്ട്. . പലയിടങ്ങളിലും പൈസ വാങ്ങാന്‍ വേണ്ടി താന്‍ ഹേമചന്ദ്രന്റെ അടുത്ത് പോയിട്ടുണ്ട്. എന്നാല്‍ ഫലമുണ്ടായില്ല. പണത്തിന്റെ കാര്യം സംസാരിച്ച ശേഷം എഗ്രിമെന്റ് തയ്യാറാക്കി ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. എന്നാല്‍ മൈസൂരില്‍ നിന്നും പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരുദിവസം കൂടി വീട്ടില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യാന്‍ തന്നെ വന്നതാണ്. അയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ആവശ്യമെങ്കില്‍ അയാള്‍ക്ക് അവിടേക്ക് പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ സുഹൃത്തിനെ വിളിച്ചു. കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അതനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
താനൊരു കൊലപാതകിയല്ലെന്നും എങ്ങോട്ടും മുങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് സൗദിയില്‍ എത്തിയതാണെന്നും തിരിച്ചുവന്ന് പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി. ലൊക്കേഷനുള്‍പ്പെടെയുളള വിവരങ്ങള്‍ പൊലീസിന്റെ കൈവശമുണ്ടെന്ന് പറഞ്ഞ നൗഷാദ് ഹേമചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ നൗഷാദിന്റെ വാദങ്ങള്‍ പൂര്‍ണമായും തളളുകയാണ് പൊലീസ് . ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്നാണ് പൊലീസിന്റെ നിഗനമം. തെറ്റുപറ്റിപ്പോയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നെന്നും നൗഷാദിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നൗഷാദ് വൈകാതെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ ഹേമചന്ദ്രനെ ബത്തേരിയിലെ വീട്ടിലെത്തിച്ച രണ്ട് സ്ത്രീകളെക്കൂടി പ്രതിചേര്‍ക്കാനാണ് പൊലീസിന്റെ നീക്കം. ഇവരില്‍ നിന്ന് ഇതിനികം വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു കഴഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *